കോഴിക്കോട്: ബാലുശ്ശേരിയിൽ ലൈംഗിക പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ചതുമായി ബന്ധപ്പെട്ട കേസിൽ ദുരൂഹത തുടരുന്നു. കുറച്ചുനാളുകളായി പാലക്കാട് സ്വദേശിയായ പെൺകുട്ടിയും കുടുംബവും ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ആഴ്ചകൾക്ക് മുൻപാണ് പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും പ്രസവിച്ചതും. പ്രായപൂർത്തിയാകാത്തതിനാൽ വിവരം ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചിരുന്നു.
തുടർന്ന് പോക്‌സോ വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പെൺകുട്ടിയുടെയും കുടുംബത്തിൻ്റെയും മൊഴിയെടുത്തപ്പോഴാണ് ഒരു യുവാവുമായി തന്റെ വിവാഹം നിശ്ചയിച്ചിരുന്നതായും പിന്നീട് ഇയാൾ കോയമ്പത്തൂരിൽ അപകടത്തിൽ മരിച്ചതായും പെൺകുട്ടി വെളിപ്പെടുത്തിയത്. അപകടത്തിൽ മരിച്ചയാളാണ് കുഞ്ഞിൻ്റെ പിതാവെന്നായിരുന്നു മൊഴി. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇങ്ങനെയൊരു അപകടമരണം കണ്ടെത്താനായില്ല. യഥാർഥ പ്രതിയെ രക്ഷിക്കാൻ പെൺകുട്ടി നുണ പറയുകയാണോ എന്ന സംശയത്തിലാണ് പോലീസ്. പെൺകുട്ടിയെ ഒന്നിലധികം പേർ പീഡിപ്പിച്ചെന്നും പോലീസ് സംശയിക്കുന്നുണ്ട്.















































