പട്‌ന: ബിഹാറിൽ ഇൻഡ്യാ സഖ്യം അധികാരത്തിലെത്തിയാൽ വഖഫ് ഭേദഗതി നിയമം ചവറ്റുകുട്ടയിലെറിയുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവിന്റെ പ്രഖ്യാപനം. നിതീഷ് കുമാർ എല്ലായ്‌പ്പോഴും ആർഎസ്എസുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും തന്റെ പിതാവ് ഒരിക്കലും വർഗീയ ശക്തികളോട് സന്ധി ചെയ്തിട്ടില്ലെന്നും തേജസ്വി യാദവ് പറഞ്ഞു. മുസ്‌ലീം ഭൂരിപക്ഷ ജില്ലകളായ കിഷൻഗഞ്ചിലും കതിഹാറിലും നടന്ന തെരഞ്ഞെടുപ്പ് റാലികൾക്കിടെയായിരുന്നു തേജസ്വിയുടെ പ്രഖ്യാപനം.
തേജസ്വി യാദവിന്റെ വാക്കുകൾ ഇങ്ങനെ-
‘ലാലു- റാബ്രി സർക്കാരുകൾ ആർഎസ്എസിനും വർഗീയ ശക്തികൾക്കുമെതിരെ ഉറച്ചുനിന്നവരാണ്. എന്നാൽ മുഖ്യമന്ത്രി നിതീഷ് കുമാർ ആ ശക്തികളെ പിന്തുണയ്ക്കുന്നയാളാണ്. ബിജെപി സംസ്ഥാനത്തും രാജ്യത്തും വിദ്വേഷം പടർത്തുന്ന പാർട്ടിയാണ്. ബിഹാറിൽ നിതീഷ് കുമാർ 20 വർഷമായി മുഖ്യമന്ത്രിയാണ്. 11 വർഷമായി കേന്ദ്രം ഭരിക്കുന്നത് നരേന്ദ്രമോദിയാണ്. എന്നിട്ടും ബിഹാറിലെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇക്കാരലമത്രയും സീമാഞ്ചൽ മേഖലയെ അവർ തിരിഞ്ഞുനോക്കിയിട്ടു പോലുമില്ല. ഇൻഡ്യാ സഖ്യം അധികാരത്തിലെത്തിയാൽ സീമാഞ്ചൽ മേഖലയുടെ വികസനത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകും. ‘: തേജസ്വി യാദവ് പറഞ്ഞു.
അതേസമയം ചില പാർട്ടികൾ വോട്ട് ഭിന്നിപ്പിക്കാൻ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും ജനങ്ങൾ അവർക്ക് ശ്രദ്ധ കൊടുക്കരുതെന്നും തേജസ്വി യാദവ് പറഞ്ഞു. ജൻസുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോറിലെ ലക്ഷ്യമിട്ടായിരുന്നു തേജസ്വിയുടെ ഒളിയമ്പ്. 243 അംഗ ബിഹാർ നിയമസഭയിലേക്ക് നവംബർ ആറ്, 11 തിയതികളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 14-നാണ് വോട്ടെണ്ണൽ. ബിഹാറിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കുന്നത് തേജസ്വി യാദവിനേയാണ്.
















































