തിരുവനന്തപുരം: പിഎം ശ്രീയിൽ പിണങ്ങിനിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു. തൊട്ടടുത്ത ദിവസം നേരിട്ട് ചർച്ച നടത്താമെന്നറിയിച്ചു. അതുവരെ കടുത്ത തീരുമാനങ്ങൾ സിപിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി – ബിനോയ് വിശ്വം കൂടിക്കാഴ്ച ഇന്നു നടന്നേക്കുമെന്നാണ് സൂചന.
അതേസമയം, പിഎം ശ്രീ വിഷയം ചർച്ചചെയ്യാനായി ഇന്ന് സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേരും. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരികെ വന്നതിന് പിന്നാലെയാണിത്. ചർച്ചകൾക്ക് പിന്നാലെ സിപിഐ എന്തു തീരുമാനമാവും എടുക്കുകയെന്നതാണ് ഇനി അറിയാനുള്ളത്. പിഎം ശ്രീയിൽ ഇടഞ്ഞുനിൽക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹിയിൽവെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇതിന് ശേഷം പിഎം ശ്രീ വിഷയത്തിൽ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നായിരുന്നു എംഎ ബേബിയുടെ പ്രതികരണം. സംസ്ഥാന തലത്തിൽ ചർച്ച നടത്തി പരിഹാരം കാണട്ടെയെന്നും എം എ ബേബി പറഞ്ഞിരുന്നു. സിപിഐയുടെ ആവശ്യം സിപിഐഎം ദേശീയ നേതൃത്വം ഇടപെടണമെന്നായിരുന്നുവെന്നും സംസ്ഥാന നേതൃത്വം വിഷയത്തിൽ പരിഹാരം കാണുമെന്നും എം എ ബേബി പറഞ്ഞിരുന്നു. സർക്കാർ മുന്നണി മര്യാദകൾ ലംഘിച്ചുവെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഡി രാജ പ്രതികരിച്ചത്. നടപടി പാർട്ടി നയത്തിന് വിരുദ്ധമാണെന്നും ഡി രാജ പറഞ്ഞിരുന്നു.
എൻഇപി 2020നെ എതിർക്കുന്ന പാർട്ടികളാണ് സിപിഐയും സിപിഎമ്മും. വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കുന്നതും കേന്ദ്രീയവൽക്കരിക്കുന്നതും എതിർക്കുന്നവരാണ് തങ്ങൾ. എൻഇപിയെ ശക്തമായി എതിർക്കുന്ന പാർട്ടി ധാരണപത്രം ഒപ്പിട്ടതിനെ എങ്ങനെ ന്യായീകരിക്കാൻ കഴിയുമെന്നും ഡി രാജ ചോദിച്ചിരുന്നു. എന്നാൽ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രത്തിൽനിന്നും സമഗ്രശിക്ഷാ ഫണ്ട് ലഭിക്കാനെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. പിഎം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ല. പദ്ധതിയിൽ ഒപ്പിട്ടെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നും കേരളത്തിൽ നടപ്പാക്കില്ല. അതിനെ കുറിച്ച് കൂടുതൽ ഉത്കണ്ഠ വേണ്ടതില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നമുക്ക് ശരിയല്ലെന്ന് തോന്നുന്ന കേന്ദ്രസർക്കാരിന്റെ ഏത് പദ്ധതികളെയും നാം എതിർക്കും. പിഎം ശ്രീ പദ്ധതി കേരളത്തിലെ സ്‌കൂളുകൾക്ക് അനിവാര്യമായ സംഗതിയല്ല. കേരളത്തിലെ 47 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണിത്. ഫണ്ട് ലഭിച്ചില്ലെങ്കിൽ ബുദ്ധിമുട്ടിലാകും. വിദ്യാർത്ഥികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പട്ടികജാതിയിൽ പെട്ടവർക്കും അർഹമായ 1500കോടി രൂപ വേണ്ടെന്ന് വെക്കേണ്ടതുണ്ടോ എന്നതാണ് ഇവിടെ ആലോചിക്കാനുള്ളത്. അവർക്ക് അർഹതപ്പെട്ട ഫണ്ട് ഒരു കാരണവശാലും പാഴാക്കേണ്ടതില്ലെന്നും മന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
















































