കണ്ണൂർ: കണ്ണൂർ പെരിങ്ങോം മുളപ്രയിലെ ചാക്കോച്ചൻ വധക്കേസിൽ ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ ശിക്ഷയും വിധിച്ചു. തളിപ്പറമ്പ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. റോസമ്മ കുറ്റക്കാരി ആണെന്ന് വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു. 2013 ജൂലൈയിലാണ് റോസമ്മ ഭർത്താവിനെ തലക്കടിച്ച് കൊന്നത്.
ചാക്കോച്ചൻ എന്ന കുഞ്ഞിമോനെ (60) തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതിയും ചാക്കോച്ചന്റെ ഭാര്യയുമായ റോസമ്മ (62) കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്ത് കണ്ടെത്തിയിരുന്നു. പയ്യന്നൂരിലെ മെഡിക്കൽ സ്റ്റോറിൽ സെയിൽസ്‌മാൻ ആയിരുന്നു ചാക്കോച്ചൻ.
പെരിങ്ങോം പോലീസ് രജിസ്റ്റർചെയ്തതാണ് കേസ്. 2013 ജൂലായ് ആറിന് പുലർച്ചെ റോഡിലാണ് ചാക്കോച്ചന്റെ മൃതദേഹം കണ്ടത്. വീട്ടിൽ കൊലനടത്തി വലിച്ചും തള്ളിനീക്കിയും മൃതദേഹം 30 മീറ്ററോളം അകലെ റോഡിൽ കൊണ്ടിട്ടതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം വീട്ടിലെ തറയിലും ചുമരിലുമുണ്ടായ രക്തക്കറ ഉൾപ്പെടെ കഴുകിക്കളഞ്ഞ് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും വ്യക്തമായിരുന്നു.
ചാക്കോച്ചന്റെ പേരിലുള്ള സ്ഥലവും വീടും പ്രതിയുടെ പേരിൽ എഴുതിനൽകാത്തതിനെത്തുടർന്ന് കുടുംബവഴക്കുണ്ടാകാറുണ്ട്. ഇതാണ് കൊലയ്ക്ക് കാരണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കേസിലെ 24 സാക്ഷികളിൽ 16 പേരെ വിസ്തരിച്ചു. 29 രേഖകളും ഹാജരാക്കി.















































