കൽപറ്റ: ആർഎസ്എസ് ശാഖയിൽ നിന്ന് താൻ ചെറുപ്പം മുതൽ ലൈംഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി. ആർഎസ്എസ് പ്രവർത്തകരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് കോട്ടയം സ്വദേശി അനന്തു അജിയാണ് (24) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ശക്തവും സമഗ്രവുമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
തന്നെ ആർഎസ്‌എസിലെ ഒന്നിലധികം അംഗങ്ങൾ നിരന്തരമായി പീഡിപ്പിച്ചുവെന്ന് അനന്ദു അജി തന്റെ ആത്മഹത്യാ സന്ദേശത്തിൽ ആരോപിച്ചിരുന്നു. താൻ മാത്രമല്ല ഇരയെന്നും ആർഎസ്‌എസ് ക്യാമ്പുകളിൽ വ്യാപകമായ ലൈംഗിക പീഡനം നടക്കുന്നുണ്ടെന്നും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. അനന്ദു പറഞ്ഞത് ശരിയാണെങ്കിൽ ഭയാനകമാണെന്നും പ്രിയങ്ക ഗാന്ധി സോഷ്യൽ മീഡിയയിൽ പറഞ്ഞു. അന്വേഷണം ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ ആർഎസ്‌എസ് ക്യാമ്പുകളിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരും അപകടത്തിലാകാമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഇക്കാര്യത്തിൽ സംഘടനാ നേതൃത്വം ഉടനടി നടപടിയെടുക്കണം. ആൺകുട്ടികൾക്കെതിരായ ലൈംഗിക പീഡനം പെൺകുട്ടികളെപ്പോലെ തന്നെ വ്യാപകമായ ഒരു വിപത്താണെന്നും ആരോപണത്തിൽ ആർഎസ്എസ് മറുപടി പറയണമെന്നും അവർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ കുറ്റക്കാരായ ആർഎസ്എസ് നേതാക്കളെയും പ്രവർത്തകരെയും പിടികൂടണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും ആവശ്യപ്പെട്ടു. കൂടാതെ ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഗൗതം ബാലചന്ദ്രൻ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കു പരാതി നൽകി.
കഴിഞ്ഞ ദിവസമാണ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ പീഡന ആരോപണം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ച ശേഷം അനന്തു ആത്മഹത്യ ചെയ്തത്. തിരുവനന്തപുരത്ത് ലോഡ്ജ് മുറിയിലാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണശേഷം പുറത്തു വരുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്താണ് അനന്തു പോസ്റ്റിട്ടത്. നാലു വയസ് മുതൽ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏൽക്കേണ്ടിവന്നെന്നും ആർഎസ്എസ് ക്യാംപിൽനിന്നാണ് ഏറ്റവും ദുരനുഭവങ്ങൾ നേരിട്ടതെന്നും പോസ്റ്റിൽ പറയുന്നു. സ്വന്തം കുഞ്ഞിന്റെ പിതാവായാലും അവരെ അവർക്കൊപ്പം വിടരുതെന്നും അനന്തു കുറിപ്പിൽ പറയുന്നു.