പാലക്കാട്: ഫേസ്ബുക്കിൽ കമന്റിട്ടതിന്റെ പേരിൽ ക്രൂരമർദനത്തിനിരയായി വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന വാണിയംകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ വിനേഷ് രക്ഷപ്പെട്ടാലും കോമയിലാകാൻ സാധ്യതയെന്ന് ഡോക്ടർ ബിജു ജോസ്. വിനേഷിൻ്റെ തലച്ചോറിൽ തീവ്രമായ രക്തസ്രാവം ഉണ്ടായിരുന്നുവെന്നും നിലവിൽ യുവാവ് അതീവ ഗുരുതരാവസ്ഥയിലാണെന്നും ഡോക്ടർ പറഞ്ഞു. ഇപ്പോഴും വിനേഷ് അബോധാവസ്ഥയിലാണ്. അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർ പറഞ്ഞു.
അതേസമയം വിനേഷിനെ മാരകായുധം കൊണ്ട് അടിച്ച സൂചനയില്ല. എന്നാൽ നിലത്ത് വീണുണ്ടായ പരുക്കുമല്ല. ഇടത്തെ കണ്ണിന് ചുറ്റും കറുപ്പ് പടർന്നിട്ടുണ്ട്. ശരീരത്തിൽ ചിലയിടങ്ങളിൽ ചതവുണ്ട്. ശരീരത്തിൽ പുറമെയ്ക്ക് വലിയ പരുക്കില്ല. എന്നാൽ ആന്തരികാവയവങ്ങൾ ഇടിച്ചു ചതച്ചിരിക്കുകയാണ്. ആ ക്ഷതമാണ് പ്രധാനമെന്നും ഡോക്ടർ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ വ്യക്തിവിരോധമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാഷ്ട്രീയ കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നതായും പോലീസ് വ്യക്തമാക്കി.
ഇതിനിടെ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ബാറിൽ ഉണ്ടായിരുന്ന വിനേഷിനെ, ബാറിൽ നിന്ന് വിളിച്ചിറക്കിയാണ് പ്രതികൾ ആക്രമിച്ചത്. വിനേഷ് ബാറിലുണ്ടെന്ന് നേരത്തെ തന്നെ മനസിലാക്കിയാണ് പ്രതികൾ ആക്രമണത്തിന് പദ്ധതിയിട്ടതെന്നും പോലീസ് കണ്ടെത്തി. ആക്രമിച്ചത് കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയല്ലെന്നാണ് പ്രതികളുടെ മൊഴി. വിനേഷ് ഫേസ്ബുക്കിൽ നടത്തിയ പ്രസ്താവനകളും പോസ്റ്റുകളുമാണ് പ്രകോപനമെന്നും അതിനാൽ ഭീഷണിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ആക്രമിച്ചതെന്നും പ്രതികൾ മൊഴി നൽകി. സംഭവത്തിനു ശേഷം മുങ്ങാൻ ശ്രമിച്ച പ്രതികളെ ട്രെയിനിൽ നിന്നാണ് പോലീസ് പൊക്കിയത്.