ഇസ്ലാമാബാദ്: സായുധപ്രവൃത്തികളിൽ നിന്ന് സ്ത്രീകളെ തീണ്ടാപ്പാട് അകലെ നിർത്തിയിരുന്ന ജെയ്ഷെ മുഹമ്മദ് സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി പ്രത്യേക സംഘടന രൂപീകരിക്കാൻ ഒരുങ്ങുന്നു. പുതിയ സംഘടനയിലേക്കുള്ള റിക്രൂട്ട്മെന്റ് ബഹാവൽപുരിൽ ഇന്നലെ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ജെയ്ഷെ അംഗങ്ങളുടെ ഭാര്യമാരെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതികളെയും സംഘടനയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. നേരിട്ടുള്ള ഭീകരപ്രവർത്തനങ്ങൾക്കു പകരം സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഇടപെടുകയും ജെയ്ഷെ മുഹമ്മദിന് മാനസിക പിന്തുണ നേടിക്കൊടുക്കലുമാണ് സ്ത്രീകളുടെ സംഘടനയിലെ ദൗത്യം.
കഴിഞ്ഞ ദിവസം ജെയ്ഷെ തലവൻ മസൂദ് അസ്ഹർ പുറത്തുവിട്ട കത്തിലാണ് സ്ത്രീകൾക്കായി ‘ജമാഅത്തുൽ മുഅമിനാത്ത്’ എന്ന പേരിൽ സംഘടന രൂപീകരിക്കുന്ന കാര്യം വ്യക്തമാക്കിയത്. മസൂദ് അസ്ഹറിന്റെ സഹോദരി സദിയ അസ്ഹറാണ് വനിതാ വിഭാഗത്തിനു നേതൃത്വം നൽകുക. മേയ് ഏഴിന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ സദിയ അസ്ഹറിന്റെ ഭർത്താവ് യൂസുഫ് അസ്ഹർ ഉൾപ്പെടെ മസൂദ് അസ്ഹറിന്റെ നിരവധി കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.
മാത്രമല്ല ഓപ്പറേഷൻ സിന്ദൂറിൽ ബഹാവൽപുരിലെ ആസ്ഥാനം ഉൾപ്പെടെ ഇന്ത്യൻ സൈന്യം തകർക്കുകയും സംഘടനയ്ക്ക് കനത്ത തിരിച്ചടി നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ തന്ത്രം മാറ്റുന്നതിന്റെ ഭാഗമായാണ് സ്ത്രീകൾക്കായി പ്രത്യേക സംഘടന രൂപീകരിക്കുന്നതെന്നാണു റിപ്പോർട്ടുകൾ. മുൻകാലങ്ങളിൽ സായുധപ്രവൃത്തികളിൽ സ്ത്രീകളെ വിലക്കിയ സംഘടനയായിരുന്നു ജെയ്ഷെ. ഇന്ത്യയിലുൾപ്പെടെ പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു.