കൊച്ചി: ഷെയ്ൻ നിഗം നായകനായ പുതിയ ചിത്രം ‘ഹാൽ’ സെൻസർ പ്രതിസന്ധിയിൽ. ചിത്രത്തിലെ ചില സംഭാഷണങ്ങളും ബീഫ് ബിരിയാണി രംഗവുമുൾപെടെ 19 കട്ടുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചത്. ഇതിനെതിരെ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.
ഷെയ്ൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ സെൻസർ കുരുക്കിൽ. ചിത്രത്തിലെ ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകൾ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെൻസർ ബോർഡ് നിദേശിച്ചിരിക്കുന്നത്. ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുമില്ല. ഇതോടെ സെൻസർ ബോർഡിന്റെ നടപടിക്കെതിരെ നിർമ്മാതാക്കളായ ജെവിജെ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാൽ’ സെപ്റ്റംബർ 12 നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. ഷെയിൻ നിഗത്തിൻറെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായി എത്തുന്ന ‘ഹാൽ’ സിനിമയിൽ സാക്ഷി വൈദ്യയാണ് നായിക.
ജോണി ആൻറണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എൻറർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.
സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷൻസിൻറെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിൻറെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് ‘ഹാൽ’. തിങ്ക് മ്യൂസിക്കാണ് മ്യൂസിക് പാർട്നർ.