കൊച്ചി/മുംബൈ: 2025 ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടനദിവസം തന്നെ സുപ്രധാന പ്രഖ്യാപനം നടത്തി റിലയന്‍സ് ജിയോ. തുടക്കക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ, സൗജന്യ എഐ ക്ലാസ്‌റൂമാണ് ജിയോ ലോഞ്ച് ചെയ്തിരിക്കുന്നത്. ജിയോപിസി സാങ്കേതിക പിന്തുണ നല്‍കുന്ന കോഴ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ജിയോ ഇന്‍സ്റ്റിറ്റിയൂട്ടാണ്.
ഓരോ പഠിതാവിനേയും എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) റെഡിയാക്കി മാറ്റുന്ന ഫൗണ്ടേഷന്‍ കോഴ്‌സാണ് ജിയോയുടേത്. എഐ സാക്ഷരത ജനാധാപത്യവല്‍ക്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്.
കുട്ടികള്‍ പഠനവും തൊഴിലും ക്രിയേറ്റിവിറ്റിയുമെല്ലാം വിപ്ലവാത്മകമായ രീതിയില്‍ പരിവര്‍ത്തനം ചെയ്യുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. അവര്‍ക്ക് ശരിയായ അറിവും വൈദഗ്ധ്യവും ടൂളുകളും നല്‍കി അവസരങ്ങള്‍ പരമാവധി മുതലെടുത്ത് ഭാവി കരുപിടിപ്പിക്കാനുള്ള അവസരം നല്‍കുകയാണ് ജിയോ ക്ലാസ്‌റൂം. അതിലൂടെ തങ്ങളുടേതായുള്ള കൈയ്യൊപ്പ് ലോകത്ത് ചാര്‍ത്താന്‍ അവര്‍ക്കാകും.
ജിയോ ഇന്‍സ്റ്റിറ്റിയൂട്ടുമായി ചേര്‍ന്ന് ജിയോ പിസി അവതരിപ്പിക്കുന്ന എഐ ക്ലാസ്‌റൂം വളരെ ഘടനാപരമായി പ്രവര്‍ത്തിക്കുന്ന സര്‍ട്ടിഫൈഡ് സൗജന്യ എഐ ഫൗണ്ടേഷന്‍ കോഴ്‌സാണ്. പിസിയോ ലാപ്‌ടോപ്പോ ഡെസ്‌ക് ടോപ്പോ ഉപയോഗിച്ച് ഏതൊരാള്‍ക്കും ഈ കോഴ്‌സില്‍ ചേരാം. ജിയോപിസിയിലൂടെ ടിവിയിലും ഈ കോഴ്‌സ് പരിശീലിക്കാം.
എഐ അധിഷ്ഠിത, സുരക്ഷിത കംപ്യൂട്ടിംഗ് സംവിധാനമാണ് ജിയോപിസി. എല്ലാ ഇന്ത്യന്‍ വീടുകളിലും എഐ റെഡി, സുരക്ഷിത കമ്പ്യൂട്ടിംഗ് എത്തിക്കുന്ന വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്‌ഫോമാണിത്. റിലയന്‍സ് ഗ്രൂപ്പിന്റെ ഫിലാന്ത്രോപ്പിക് സംരംഭമാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ജിയോ ഇന്‍സ്റ്റിറ്റിയൂട്ട്.
‘ഓരോ വ്യക്തിയെയും ശാക്തീകരിക്കുന്നതാണ് യഥാര്‍ത്ഥ ടെക്‌നോളജിയുടെ ശക്തിയെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ജിയോ പിസിയുടെ പിന്തുണയില്‍ എഐ ക്ലാസ്‌റൂം അവതരിപ്പിച്ചതോടെ ഇന്ത്യയിലെ വിദ്യാര്‍ത്ഥികളെ എഐ അധിഷ്ഠിത ഭാവിക്കായി തയാറാക്കുന്നതില്‍ നിര്‍ണായക ചുവടുവെപ്പാണ് ജിയോ നടത്തിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ പരിചിതമാക്കുന്നതിനോടൊപ്പം തന്നെ അത് കൂടുതല്‍ ക്രിയേറ്റിവായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ജിയോ പിസിയുടെയും ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും സഹായത്തോടെ എഐ വിദ്യാഭ്യാസം കൂടുതല്‍ സമഗ്രവും എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്നതുമാക്കുകയാണ് ലക്ഷ്യം,’ ജിയോ വക്താവ് വ്യക്തമാക്കി.
നിലവിലെ ജിയോ പിസി ഉപയോക്താക്കള്‍ക്ക് എഐ ക്ലാസ്‌റൂമിനോടൊപ്പം അത്യാധുനിക എഐ ടൂളുകളും ലഭ്യമാകും. ജിയോ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സര്‍ട്ടിഫിക്കറ്റും ലഭിക്കും. മറ്റ് ഉപയോക്താക്കള്‍ക്ക് കംപ്ലീഷന്‍ ബാഡ്ജാണ് ലഭിക്കുക.