കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുന്നു. ഡോക്ടർമാർ മിന്നൽ പണിമുടക്കിലേക്ക് നീങ്ങി. കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും എമർജൻസി സർവീസുകൾ ഒഴികെയുള്ള സേവനങ്ങൾ ഷട്ട് ഡൗൺ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ജീവൻ അപകടത്തിലായിട്ട് ജോലി ചെയ്യാൻ കഴിയില്ല എന്ന നിലപാടിലാണ് ആരോഗ്യ പ്രവർത്തകർ.
നിലവിൽ കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും എമർജൻസി സർവീസ് ഒഴികെയുള്ള സേവനങ്ങൾ നിർത്തിവെക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി സേവനങ്ങൾ അടക്കമുള്ള എല്ലാ സേവനങ്ങളും ഇപ്പോൾ മുതൽ നിർത്തി വെക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ജില്ലയിലെ ഗവൺമെന്റ് ആശുപത്രികൾ മുഴുവനും ഇതിൽ ഉൾപ്പെടും. ഡോക്ടർമാർ സമരത്തിലേക്ക് പോകുന്നു എന്നാണ് സംഘടനകൾ അറിയിച്ചിരിക്കുന്നത്.
അതേസമയം യാതൊരു പ്രകോപനവുമില്ലാതെയാണ് ഒരാൾ വന്ന് ബാഗിൽ നിന്ന് വടിവാൾ എടുത്ത് വെട്ടിയത് എന്ന് ഡോക്ടർ വിപിന്റെ കൂടെ കാഷ്വാലിറ്റിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ കിരൺ വ്യക്തമാക്കി. ആക്രമണകാരി രോഗിയെ പോലെയാണ് ആശുപത്രിയിലേക്ക് വന്നത്. ബാഗിനുള്ളിലായിരുന്ന ആയുധം സെക്യൂരിറ്റി ജീവനക്കാർക്ക് പോലും മനസിലാക്കാൻ സാധിച്ചിരുന്നില്ലെന്നും ഡോ. കിരൺ പറഞ്ഞു.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ വേണമെന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടു. ആക്രമണം നടക്കുമ്പോൾ പോലീസ് എയ്ഡ് പോസ്റ്റ് അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും അവർക്ക് തടയാൻ കഴിഞ്ഞിരുന്നില്ല. ഈ സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ചേ മതിയാവൂ എന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
ഏതാനും മണിക്കൂറുകൾ മുൻപാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ ആക്രമിക്കപ്പെട്ടത്. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. അദ്ദേഹത്തെ നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കിന്റെ സ്വഭാവം ഗുരുതരമാണ്. ആക്രമണത്തിൽ തലയിൽ ആഴത്തിലുള്ള മുറിവേൽക്കുകയും സ്കൾ ബോൺ ഫ്രാക്ച്ചർ (തലയോട്ടിയിലെ അസ്ഥിക്ക് പൊട്ടൽ) ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് സി.ടി. സ്കാൻ എടുത്താൽ മാത്രമേ സാധിക്കുകയുള്ളൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരിയുടെ പിതാവായ സനൂപാണ് ആക്രമണം അഴിച്ചുവിട്ടത്. കുട്ടിയെ താമരശ്ശേരി ആശുപത്രിയിൽ എത്തിച്ചപ്പോൾ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഇയാൾ ഡോക്ടറെ ആക്രമിച്ചത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ് എന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രസ്താവനയിലൂടെ അറിയിച്ചു. ഈ വിഷയത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.