വയനാട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസുകാരിയുടെ പിതാവ് സനൂപാണ് കുട്ടിക്കും കുടുംബത്തിനും നീതിലഭിച്ചില്ലെന്നാരോപിച്ച് ഡോക്ടറെ വെട്ടിയത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിലേക്ക് മാറ്റി. അതേസമയം ഡോക്ടറെ ആക്രമിച്ച സനൂപിനെ പോലീസ് പിടികൂടി. അക്രമി എത്തിയത് രണ്ടു മക്കളുമായാണ്. കുട്ടികളെ പുറത്ത് നിർത്തിയാണ് ഇയാൾ സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയത്. എന്നാൽ പിന്നീട് ഡോക്ടർ വിപിനെ വെട്ടുകയായിരുന്നു.
അതേസമയം പനി ബാധിച്ച മകളുമായി പിതാവ് എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു. തുടർന്ന് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുമ്പ് 9 വയസുകാരിയായ അനയ മരിക്കുകയായിരുന്നു. എന്നാൽ കുഞ്ഞിൻറെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടില്ലായെന്നും മരണ സർട്ടിഫിക്കറ്റ് ലഭിച്ചില്ല എന്നും സനൂപും കുടുംബവും ആരോപിച്ചു.