തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ, ആദ്യ നപടി, ആ സമയത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന ബി. മുരാരി ബാബുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. നിലവിൽ ഹരിപ്പാട് ദേവസ്വം ഡപ്യൂട്ടി കമ്മിഷണറാണ്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മാത്രമല്ല 2019ൽ സ്വർണം പൂശാനായി പാളികൾ പോറ്റിയെ ഏൽപിക്കുന്ന സമയത്തു ചെമ്പുപാളി എന്നെഴുതാൻ നിർദേശം നൽകിയ ഉദ്യോഗസ്ഥനാണു മുരാരി ബാബുവെന്നു ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. 2024ൽ വീണ്ടും സ്വർണം പൂശാനായി പാളികൾ നൽകാൻ ഇദ്ദേഹം ആവശ്യപ്പെട്ടു എന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ പാളികളിൽ ചെമ്പ് തെളിഞ്ഞതുകൊണ്ടാണു വീണ്ടും പൂശാൻ നൽകിയതെന്ന് മുരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ റിപ്പോർട്ടിൽ വന്നതു പോലെ സ്വർണപ്പാളിയല്ല. അതിൽ അന്വേഷണം നടക്കുകയാണ്. തിരുവാഭരണ കമ്മിഷണർ ഓഫിസിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പരിശോധിച്ച ശേഷമാണു 2019ൽ ഇളക്കിക്കൊണ്ടുപോയത്. 2019 ജൂലൈയിൽ ഇളക്കുമ്പോൾ താൻ ചാർജു മാറി. ഇളക്കുന്ന സമയത്താണു ഭൗതിക പരിശോധന പൂർണമായി നടക്കുന്നത്. അപ്പോൾ കമ്മിഷണർ ഓഫിസിലെ ഉദ്യോഗസ്ഥർ അവിടുണ്ട്. സ്വർണം പൂശിയതു തെളിഞ്ഞു ചെമ്പ് ആയിട്ടുള്ളത് വീണ്ടും പൂശാൻ അനുവദിച്ചു എന്നാണു താൻ റിപ്പോർട്ട് നൽകിയത്.
അന്നു സ്വർണം പൊതിഞ്ഞു എന്നു പറയുമ്പോൾ, ശ്രീകോവിലിനു ചുറ്റുമുള്ള തൂണുകൾ, ദ്വാരപാലക ശിൽപങ്ങൾ, പാത്തി, വേദിക തുടങ്ങിയവയ്ക്ക് എല്ലാം കൂടി പൂശാൻ ഒരു കിലോയോളം സ്വർണമാണ് ഉപയോഗിച്ചത്. വളരെ ചെറിയ അളവിലാണു പുറത്തു സ്വർണം പൂശിയത്. അതിനാലാണു തെളിഞ്ഞത്. മേൽക്കൂര മാത്രമാണു മങ്ങാതിരിക്കാൻ സ്വർണപ്പാളി അടിച്ചതെന്നു തോന്നുന്നു. അതുകൊണ്ടാകും വെയിലും മഴയും ഏറ്റിട്ടും അതു മങ്ങിയില്ല. പൂശിയതാണു തെളിഞ്ഞത്. പാത്തിയും തൂണുകളും വേദികയും ഇപ്പോഴും അവിടുണ്ട്.
വാതിൽ സ്വർണം പൂശിയപ്പോൾ പുതിയ വാതിൽ വച്ചു. അങ്ങനെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി രംഗത്തേക്കു വരുന്നത്. 2025ൽ ഇതു വീണ്ടും സ്വർണം പൂശാൻ ശുപാർശ നൽകി. പഴയ കതക് ഇപ്പോഴും സന്നിധാനത്തുണ്ട്. സ്വർണം പൂശിയ കമ്പനി 40 വർഷത്തെ വാറന്റി നൽകിയിട്ടുണ്ട്. ഹൈക്കോടതി അനുമതി നൽകിയിട്ടുള്ള കമ്പനിയാണ്. ഓംബുഡ്സ്മാൻ പഠിച്ചു റിപ്പോർട്ട് നൽകിയ ശേഷമാണു കമ്പനിയെ അംഗീകരിച്ചിട്ടുള്ളത്. അന്നത്തെ സ്പോൺസറുടെ കയ്യിൽ കൊടുത്തു വിട്ടാൽ സ്വർണം പൂശി നൽകാമെന്നു പറഞ്ഞു. താനും അതു റിപ്പോർട്ട് ചെയ്തു. പക്ഷേ ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലല്ല നടന്നത്.
സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായെന്നതു ശരിയാണ്. 2019ലുണ്ടായിരുന്ന 3 ഉദ്യോഗസ്ഥരിൽ താൻ മാത്രമേ ഇപ്പോൾ സർവീസിലുള്ളൂ. സംഭവം നടക്കുമ്പോൾ താനവിടെ ഇല്ലായിരുന്നു എന്നു മഹസറുണ്ട്, രേഖയുണ്ട്. ഇപ്പോഴാണ് വിവരങ്ങൾ പുറത്തുവരുന്നത്. ഇങ്ങനെയൊരു സംഭവം ഉണ്ടെങ്കിൽ അറ്റകുറ്റപ്പണിക്കായി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഏൽപിക്കില്ലല്ലോ. ബോർഡ് പരിശോധിച്ച ശേഷമാണ് അനുമതി നൽകുന്നത്. അല്ലാതെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പറയുന്നതു പോലെയല്ലെന്നും മുരാരി ബാബു പ്രതികരിച്ചു.