ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് നാല് കുട്ടികളുമായി നദിയിൽ ചാടി ആത്മഹത്യ ചെയ്ത് യുവാവ്. ഉത്തർപ്രദേശിലാണ് ദാരുണ സംഭവം. യമുന നദിയിൽ ചാടിയാണ് സൽമാൻ എന്നയാൾ ജീവനൊടുക്കിയത്.
ചാടുന്നതിന് മുമ്പ്, അയാൾ ഒരു വീഡിയോ റെക്കോർഡ് ചെയ്ത് സഹോദരി ഗുലിസ്റ്റയ്ക്ക് അയച്ചു, അതിൽ ഭാര്യ ഖുഷ്നുമയും കാമുകനുമാണ് മരണത്തിന് കാരണമെന്ന് പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിലും വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വീഡിയോ കണ്ട സഹോദരി പൊലീസിനെ സമീപിക്കുകയും മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.
മഹാക് (12), ഷിഫ (5), അമൻ (3), എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഇനൈഷ എന്നിവരാണ് പിതാവിനൊപ്പമുണ്ടായിരുന്ന കുഞ്ഞുങ്ങളെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് സന്തോഷ് കുമാർ സിംഗ് പറഞ്ഞു.
സൽമാനും ഭാര്യ ഖുഷ്നുമയും തമ്മിൽ വിവാഹിതരായിട്ട് 15 വർഷം കഴിഞ്ഞെന്നും അടുത്തിടെ ഇവർ തമ്മിൽ കുടുംബ തർക്കം രൂക്ഷമായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
വെള്ളിയാഴ്ച ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് ഖുഷ്നുമ കാമുകനൊപ്പം ഒളിച്ചോടുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് പറഞ്ഞു.