തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദം ആളിപ്പടരാൻ തുടങ്ങിയതോടെ ചർച്ചകളിൽ നിറയുന്നത് തിരുവനന്തപുരം സ്വദേശി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളാണ്. ആദ്യം ശബരിമലയിലെ ശ്രീകോവിലിന്റെ ദ്വാരപാലകശിൽപങ്ങൾ സ്വർണം പൂശി നൽകിയ സ്‌പോൺസർ എന്ന തരത്തിലാണ് ഉണ്ണികൃഷ്ണന്റെ പേര് ഉയർന്നുവന്നത്. പിന്നാലെ ദ്വാരപാലകശിൽപങ്ങളുടെ പീഠം കാണാനില്ലെന്നു പറഞ്ഞ ഉണ്ണികൃഷ്ണൻ പോറ്റി രംഗത്തെത്തി. ഇതു തനിക്കുനേരെയുണ്ടാകാൻ സാധ്യതയുള്ള അന്വേഷണങ്ങളുടെ മുനയൊടിക്കാനാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
എന്നാൽ സ്വന്തം സഹോദരിയുടെ വീട്ടിൽനിന്നു തന്നെ ദേവസ്വം വിജിലൻസ് പീഠം കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹത ഏറിയെന്നു മാത്രമല്ല താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണ അവസ്ഥയിലായി പോറ്റി. അതേസമയം സംശയനിഴലിലായ ഉണ്ണികൃഷ്ണനെയും സഹായി വാസുദേവനെയും നാളെ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണന്റെ സാമ്പത്തിക, ഭൂമി ഇടപാടുകളും അന്വേഷണ പരിധിയിലാണ്. തലസ്ഥാനത്ത് അടക്കം വലിയ തോതിൽ ഉണ്ണികൃഷ്ണൻ ഭൂമി വാങ്ങിക്കൂട്ടിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ബ്ലെയ്ഡ് പലിശയ്ക്കു പണം നൽകി ഭൂമി കൈവശപ്പെടുത്തിയതു സംബന്ധിച്ച് ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ 30 കോടിയിലധികം രൂപയുടെ ഭൂമിയിടപാടുകൾ നടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേസമയം ഇയാൾ ഉന്നതരുമായും പ്രധാന രാഷ്ട്രീയ നേതാക്കളുമായി അടുപ്പമുണ്ടാക്കുകയും അവർക്കൊപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല സെക്രട്ടേറിയറ്റ് വളപ്പിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പവും പോലീസ് ആസ്ഥാനത്ത് എഡിജിപിയെ ആദരിക്കുന്ന ചടങ്ങിൽ പോലീസ് ഉന്നതർക്കൊപ്പവും ഉണ്ണികൃഷ്ണൻ നിൽക്കുന്ന ചിത്രങ്ങളും ഇക്കൂടെയുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്വദേശം കിളിമാനൂരിനു സമീപം പുളിമാത്താണ്. പുളിമാത്ത് ദേവീക്ഷേത്രത്തിലെ പൂജാരിയായിരുന്ന പിതാവിനെ സഹായിച്ചാണ് ഉണ്ണികൃഷ്ണൻ പൂജാ രംഗത്തേക്കു വന്നത്. തുടർന്ന് മറ്റു ക്ഷേത്രങ്ങളിലും കീഴ്ശാന്തിയായി പ്രവർത്തിച്ചു. ഇതിനിടെ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഉണ്ണികൃഷ്ണൻ ബെംഗളൂരുവിലേക്കു പോയി. അവിടെ ശ്രീരാമപുര അയ്യപ്പ ക്ഷേത്രത്തിൽ ഏറെ നാൾ പൂജാരിയായിരുന്നു. പിന്നാലെ ശബരിമലയിലേക്ക് കീഴ്ശാന്തിയായി എത്തി. ശബരിമലയിൽ എത്തിയതോടെ ഉണ്ണികൃഷ്ണന് ബെംഗളൂരുവിലെ ഭക്തർക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കാനായി.
മാത്രമല്ല സമ്പന്നരായ ഭക്തർക്ക് ശബരിമലയിൽ ദർശനത്തിനും മറ്റുമുള്ള സൗകര്യം ചെയ്തുകൊടുത്തതോടെ അവരുടെ ഉറ്റ ചങ്ങാതിയായി മാറി. ക്രമേണ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള പല ഭക്തരുടെയും വഴിപാടുകളും സമർപ്പണങ്ങളും മറ്റും ഉണ്ണികൃഷ്ണൻ വഴിയായി. അതേസമയം ഉണ്ണികൃഷ്ണൻ വളരെ പെട്ടെന്നാണ് സമ്പന്നനായതെന്നു നാട്ടുകാർ പറയുന്നു. ആദ്യ ഭാര്യയുടെ മരണത്തെ തുടർന്ന് വീണ്ടും വിവാഹിതനായി.