ലഹോർ: ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ ഇന്ത്യ തറപറ്റിച്ചതും അതിനു പിന്നാലെയുള്ള വിവാദങ്ങൾക്കും ശേഷം ലോകകപ്പ് നേടിയെത്തിയ ക്രിക്കറ്റ് താരങ്ങളോട് പാക്കിസ്ഥാൻ ചെയ്ത ചതി വെളിപ്പെടുത്തിമുൻ താരം സയീദ് അജ്മൽ. 2009 ലെ ലോകകപ്പ് വിജയിച്ചതിനു സമ്മാനമായി ലഭിച്ച 25 ലക്ഷത്തിന്റെ ചെക്ക് ബൗൺസായിപ്പോയെന്നാണ് അജ്മലിന്റെ പരാതി.
2009ൽ ട്വന്റി20 ലോകകപ്പ് വിജയിച്ച പാക്കിസ്ഥാൻ ടീമിൽ സയീദ് അജ്മലും അംഗമായിരുന്നു. 25 ലക്ഷം പാക്കിസ്ഥാനി രൂപയായിരുന്നു അന്ന് പാക്കിസ്ഥാൻ താരങ്ങൾക്കു സമ്മാനമായി സർക്കാർ പ്രഖ്യാപിച്ചത്. അന്നത്തെ പാക്ക് പ്രധാനമന്ത്രിയായിരുന്നു യൂസഫ് റാസ ഗിലാനിയായിരുന്നു പാക്ക് താരങ്ങൾക്കു പാരിതോഷികം നൽകുമെന്ന് അറിയിച്ചത്. ‘‘സർക്കാർ നൽകുന്ന ചെക്ക് വരെ ബൗൺസാകുമെന്നു ഞാൻ അന്നാണ് അറിഞ്ഞത്. പിസിബി മേധാവി ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്നാണു ഞങ്ങളോടു പറഞ്ഞത്. എന്നാൽ അവർ കൈവിട്ടു. സർക്കാർ നൽകിയ ചെക്കിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു പിസിബി അറിയിച്ചത്. ഇതോടെ ഐസിസി പ്രഖ്യാപിച്ച തുക മാത്രം മാത്രം തൃപ്തിയടയേണ്ടിവന്നു.’’– സയീദ് അജ്മൽ വ്യക്തമാക്കി.
അതേസമയം 2009 ലോകകപ്പിൽ 12 വിക്കറ്റ് വീഴ്ത്തിയ സയീദ് അജ്മൽ, പാക്കിസ്ഥാൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളാണ്. 2015ൽ വിവാദ ബോളിങ് ആക്ഷന്റെ പേരിൽ സസ്പെൻഷനിലായതോടെയാണ് താരത്തിന്റെ കരിയർ അവസാനിച്ചത്.
കഴിഞ്ഞ ഏഷ്യാ കപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങൾക്കിടയിലെ നാടകീയ സംഭവങ്ങൾക്കു ശേഷമാണ് അജ്മലിന്റെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുന്നത്. ഏഷ്യാകപ്പ് വിജയികളായ ഇന്ത്യൻ താരങ്ങൾക്കു എസിസി ചെയർമാൻ മൊഹ്സിൻ നഖ്‍വി ട്രോഫി നൽകാത്തതു വൻ വിവാദമായിരുന്നു. ഇന്ത്യൻ വിജയത്തിനു പിന്നാലെ ട്രോഫിയുമായി ഗ്രൗണ്ട് വിട്ട നഖ്‍വി, ഇത് യുഎഇ ക്രിക്കറ്റ് അസോസിയേഷനാണു കൈമാറിയത്. ഇന്ത്യയോടേറ്റ തോൽവിക്കുശേഷം പാക്ക് താരങ്ങൾക്ക് വിദേശ ട്വന്റി20 ലീഗുകളിൽ പങ്കെടുക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു.