ചെന്നൈ: കരൂര്‍ ദുരന്തത്തിന് പിന്നാലെ വിജയ്‌ക്കെതിരെ പോസ്റ്ററുകൾ. കൊലയാളിയായ വിജയ്‌യെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററാണ് കരൂര്‍ നഗരത്തിലാകെ പതിച്ചിരിക്കുന്നത്.
തമിഴ്നാട് വിദ്യാർത്ഥി കൂട്ടായ്മ എന്ന പേരിലാണ് ചോര പുരണ്ട കൈയുമായി നിൽക്കുന്ന വിജയ്‌യുടെ ചിത്രത്തോടെയുള്ള പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. വിജയ്‌ക്കെതിരായ പോസ്റ്ററുകൾക്ക് പിന്നിൽ ഡിഎംകെയും സെന്തിൽ ബാലാജിയും ആണെന്നാണ് ടിവികെ ആരോപിക്കുന്നത്.മരണം 41 ആയി.
വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65 വയസ്സുകാരി സുഗുണയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 50 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.