ആലപ്പുഴ: കാണാതായി 29 വർഷങ്ങൾക്കു ശേഷം ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ സിഎം സെബാസ്റ്റ്യൻ അറസ്റ്റിൽ. ജൈനമ്മ കൊലപാതകക്കേസിൽ റിമാൻഡിൽ കഴിയുന്ന സെബാസ്റ്റ്യന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. സെബാസ്റ്റ്യനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
അതേസമയം 2006ലാണ് ബിന്ദുവിനെ കാണാതാവുന്നത്. 2017ലാണ് കേസ് പോലീസിന് മുൻപിലെത്തിയത്. സഹോദരനാണ് പരാതി നൽകിയത്. ഇതിനിടെ ബിന്ദുവിൻറെ സ്ഥലം വ്യാജരേഖ ചമച്ച് വിൽപ്പന നടത്തിയതിന് സെബാസ്റ്റ്യൻ അറസ്റ്റിലായിരുന്നു. ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ബിന്ദുവിന്റെ തിരോധാന കേസിൽ സെബാസ്റ്റ്യൻ സംശയമുനയിൽ ആയിരുന്നെങ്കിലും ഇയാൾക്കെതിരെ വ്യക്തമായ തെളിവുകൾ കണ്ടെത്താനായില്ല.
ഇതിനിടെ ഏറ്റുമാനൂർ സ്വദേശി ജൈനമ്മയെ കൊലപ്പെടുത്തിയ കേസിൽ സെബാസ്റ്റ്യൻ അറസ്റ്റിലായതോടെയാണ് മറ്റ് തിരോധാന കേസുകളെ കുറിച്ചും പുനരന്വേഷണം ആരംഭിച്ചത്. തുടർന്നു കോട്ടയം ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിൽ സെബാസ്റ്റ്യൻറെ പള്ളിപ്പുറത്തെ വീട്ടുപരിസരത്തുനിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി.
ഇതുവരെ ബിന്ദു പത്മനാഭൻറെ തിരോധാന കേസാണ് പോലീസിനു മുന്നിലുണ്ടായിരുന്നത്. പിന്നീടു ബിന്ദു കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് പോലീസ് കോടതിയിൽ നൽകി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ സെബാസ്റ്റ്യനാണ് പ്രതി എന്ന് പോലീസ് കോടതിയെ അറിയിച്ചു. തുടർന്നാണ് ഈ കേസിൽ സെബാസ്റ്റ്യൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായി ചോദ്യംചെയ്ത് ഈ കേസിൽ എന്തെങ്കിലും തെളിവ് കണ്ടെത്താനാണ് പൊലീസിൻറെ ശ്രമം.
അതേസമയം ഐഷാ തിരോധാന കേസിലും സെബാസ്റ്റ്യൻ സംശയനിഴലിലാണ്. 2012ൽ കാണാതായ ഐഷയെ കുറിച്ച് ക്രൈം ബ്രാഞ്ച് ഉൾപ്പെടെ വിവിധ സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. കോട്ടയത്ത് നിന്ന് കാണാതായ ജെയ്നമ്മയുടെ കേസിന്റെ അന്വേഷണ വേളയിലാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയ മനുഷ്യശരീര അവശിഷ്ടങ്ങൾ ഐഷയുടേയതാണോ എന്ന സംശയത്തിലാണ് പോലീസിപ്പോൾ. കണ്ടെത്തിയ അസ്ഥികളുടെ ഡിഎൻഎ പരിശോധനാ ഫലമാണ് കേസിൽ നിർണായകമാകുക.