ദുബായ്: ഏഷ്യാ കപ്പ് മത്സരങ്ങൾ തുടങ്ങിയപ്പോൾ മുതൽ വിവാദങ്ങൾക്കു തിരികൊളുത്തുന്നതായിരുന്നു ഇന്ത്യ- പാക് മത്സരങ്ങൾ. ഇതിനു തുടർച്ചയെന്നോണമായിരുന്നു ഞായറാഴ്ച ഇന്ത്യക്കെതിരേ നടന്ന ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടവും.
ടോസ് നേടി പതിവുപോലെ പാക് താരത്തിനു കൈകൊടുക്കാതെ ഇന്ത്യൻ നായകൻ. എന്നാൽ അതിരുകൾ ലംഘിക്കുന്നതായിരുന്നു മത്സരത്തിനിടെ പാക് ബാറ്ററുടെ അതിരുകവിഞ്ഞ ആഘോഷം, ഇതിപ്പോൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ഇന്നലെ നടന്ന മത്സരത്തിൽ പാക്കിസ്ഥാനുവേണ്ടി ഓപ്പണർ സാഹിബ്‌സാദാ ഫർഹാൻ അർധസെഞ്ചുറിയോടെ മോശമല്ലാത്ത തുടക്കം നൽകിയിരുന്നു. പാക് നിരയിലെ ടോപ് സ്‌കോററും സാഹിബ്‌സാദാ തന്നെയായിരുന്നു. പവർപ്ലേയിൽ ഇന്ത്യൻ സ്പിന്നർമാർക്കുനേരെ കടന്നാക്രമണം നടത്തിയ അദ്ദേഹം മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറികളും സഹിതം 45 പന്തിൽ 58 റൺസ് നേടി. ആദ്യ പത്തോവറിൽ പാക്കിസ്ഥാൻ 91 റൺസ് നേടിയിരുന്നു. ഇന്ത്യയുടെ ഓൾറൗണ്ടർ അക്ഷർ പട്ടേലിനെ സിക്‌സറിന് പറത്തിയാണ് സാഹിബ്‌സാദാ അർധ സെഞ്ചുറി പൂർത്തിയാക്കിയത്.
ഇതിനു തൊട്ടുപിന്നാലെ ഫർഹാൻ ഡഗ്ഔട്ടിലേക്ക് തിരിഞ്ഞ് ബാറ്റ് ഒരു AK 47 തോക്കുപോലെ പിടിച്ച് വെടിവെയ്ക്കുന്ന ആംഗ്യം കാണിച്ചു. അതിരുകടന്ന ഈ ആഘോഷപ്രകടനം വ്യാപകമായി സംപ്രേക്ഷണം ചെയ്യപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.
സാഹിബ്‌സാദായുടെ പ്രകടനം കണ്ട് നോൺ സ്‌ട്രൈക്കർ എൻഡിലുണ്ടായിരുന്ന സായിം അയ്യൂബ് വിസ്മയത്തോടെ നോക്കിനിൽക്കുകയും തുടർന്ന് കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിന്നീട് 15-ാം ഓവറിൽ ശിവം ദുബെയാണ് സാഹിബ്‌സാദായെ പവലിയനിലേക്ക് മടക്കിയത്. താരത്തിന്റെ പെരുമാറ്റം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. നിലവിൽ വലിയ രാഷ്ട്രീയ- വൈകാരിക തലത്തിൽ നടക്കുന്ന മത്സരത്തിൽ ഒരു ബാറ്റർ വിവേകശൂന്യമായി പെരുമാറിയെന്ന് ഇന്ത്യൻ ആരാധകർ ആരോപിക്കുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്ത്, ഫർഹാന്റെ ആംഗ്യത്തെ പഹൽഗാം ഭീകരാക്രമണവുമായി നേരിട്ട് ബന്ധപ്പെടുത്തി രൂക്ഷമായ ആക്രമണം നടത്തി.
അതേസമയം പാക്കിസ്ഥാന് ഇന്ത്യൻ താരങ്ങളുടെ മറുപടി ഓരോ പന്തും അതിർത്തി കടത്തിക്കൊണ്ടായിരുന്നു. സൂപ്പർ ഫോർ പോരാട്ടത്തിൽ ആറുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം. പാക്കിസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. അർധസെഞ്ചുറി തികച്ച അഭിഷേക് ശർമയും ഗില്ലുമാണ് ഇന്ത്യയ്ക്ക് തകർപ്പൻ ജയമൊരുക്കിയത്. ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ സിക്സറടിച്ചാണ് ഇന്ത്യ തുടങ്ങിയത്. പിന്നീട് സ്റ്റേഡിയത്തിൽ കണ്ടത് ഇന്ത്യൻ ഓപ്പണർമാരുടെ താണ്ഡവമായിരുന്നു. അഭിഷേകും ശുഭ്മാൻ ഗില്ലും പാക് ബൗളർമാരെ നിലംതൊടീക്കാതെ അതിർത്തി കടത്തി.
This is how sahibzada farhan celebrated his half century, signifying his bat as Ak 47 and pointing it towards Indian Dug out.
Modi ji if this is not an act of war, what is ?
Stop this match and attack pakistan asap or else resign.
— Jitesh (@Chaotic_mind99) September 21, 2025