കഠ്മണ്ഡു: സമൂഹമാധ്യമങ്ങളെ നിരോധിച്ചതിനു പിന്നാലെ നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി കെ.പി.ശർമ ഒലി രാജിവച്ചു. ഇന്നലെ രാത്രിയോടെ സമൂഹമാധ്യമങ്ങളുടെ വിലക്ക് പിൻവലിച്ചെങ്കിലും പ്രക്ഷോഭം രണ്ടാം ദിനവും മാറ്റമില്ലാതെ തുടർന്നതോടെയാണ് ഒലിയുടെ രാജി. അതേസമയം പ്രക്ഷോഭകാരികൾക്കൊപ്പം സൈന്യവും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്.
പ്രക്ഷോഭകർ അക്രമാസക്തരായതിനെ തുടർന്ന് തലസ്ഥാനമായ കഠ്മണ്ഡു ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇതോടെ വിമാനത്താവളങ്ങളുടെ പ്രവർത്തനം നിലച്ചു. മുൻ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡയുടെ വീട് പ്രക്ഷോഭകാരികൾ തകർത്തു. പ്രസിഡന്റ് രാംചന്ദ്ര പൗഡേലിന്റെയും പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെയും ചില മന്ത്രിമാരുടെയും സ്വകാര്യ വസതികൾക്കു തീയിട്ടു. കൂടാതെ സർക്കാരിലുള്ള കൊലപാതകികളെ ശിക്ഷിക്കണമെന്നും കുട്ടികളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടു.
അതേസമയം കലാപം അന്വേഷിക്കാൻ പ്രത്യേക സമിതിയെ സർക്കാർ നിയോഗിച്ചു. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. കലാപത്തിൽ ഇന്നലെ 19 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം കാഠ്മണ്ഡുവിൽ വിനോദ സഞ്ചാരത്തിനുപോലെ മലയാളികളടക്കം നിരവധിപ്പേർ കുടുങ്ങിക്കിടക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച വാട്സാപ്, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, എക്സ്, യുട്യൂബ് എന്നിവയടക്കം 26 സമൂഹമാധ്യമ സൈറ്റുകൾ സർക്കാർ നിരോധിച്ചതോടെയാണ് പ്രക്ഷോഭം ആരംഭിച്ചത്. ഐടി, വാർത്താവിനിമയ മന്ത്രാലയത്തിൽ സൈറ്റുകൾ റജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാതെ വന്നതോടെയാണു സർക്കാർ നടപടിയെടുത്തത്.