കൊച്ചി: സ്വർണം അതിന്റെ വിജയക്കുതിപ്പ് തുടരുന്നു. പവന്റെ വില ചരിത്രത്തിലാദ്യമായി 80,000 കടന്ന് 80,880 രൂപയായി. ഒരൊറ്റ രാത്രി കൊണ്ട് കൂടിയത് 1,000 രൂപയാണ്. ഗ്രാമിന് 10,000 പിന്നിട്ട് 10,110 രൂപയായി. 9,985 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഗ്രാമിന്റെ വില.
അതേസമയം 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാം ബാങ്ക് നിരക്ക് ഒരുകോടി 15 ലക്ഷം രൂപയായി. ഇന്നലെ രാവിലെ സ്വർണ്ണവില ഗ്രാമിന് 10 രൂപ കുറയുകയും, ഉച്ചയ്ക്കുശേഷം 50 രൂപ വർദ്ധിക്കുകയുമാണുണ്ടായത്.
ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 2022 ഡിസംബർ 29ന് ഗ്രാമിന് 5,005 രൂപയു, പവന് 40,040 രൂപയുമായിരുന്നു വില. അന്ന് അന്താരാഷ്ട്ര സ്വർണ വില 1811 ഡോളറിൽ ആയിരുന്നു. രൂപയുടെ വിനിമയ നിരക്ക് 82.84 ലായിരുന്നു. എന്നാൽ മൂന്നുവർഷത്തിനുള്ളിലാണ് സ്വർണ്ണവില പതിനായിരം രൂപ കടക്കുന്നത്. ഇന്ന് അന്താരാഷ്ട്ര സ്വർണ്ണവില 3645 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 88 ആണ്.
ഭൗമരാഷ്ട്ര സംഘർഷങ്ങൾ, പ്രസിഡൻറ് ട്രംപിന്റെ താരിഫ് നിരക്ക് വർദ്ധന, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ കാരണങ്ങളെല്ലാം സ്വർണം സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിക്കുന്നതാണ് വില വർദ്ധനവിന്റെ പ്രധാന കാരണം.
കൂടാതെ ഓൺലൈൻ ട്രേഡിങ്ങിലെ നിക്ഷേപകർ ഇപ്പോഴും ഹോൾഡ് ചെയ്യപ്പെടുന്നതും വിലവർധനവിന് കാരണമായി. അന്താരാഷ്ട്ര സ്വർണ്ണവില 3670 കടന്ന് മുന്നോട്ട് പോയാൽ 3700 ഡോളറും കടന്ന് 3800 ഡോളറിലേക്ക് എത്തുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.