ടോക്കിയോ: ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ മോദിക്ക് ഉച്ച വിരുന്ന് നല്കും. പ്രധാനമന്ത്രി ഇഷിബയ്ക്കൊപ്പം ടോക്യോയിലെ ഇലക്ട്രോൺ ഫാക്ടറിയും മോദി സന്ദർശിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനീസ് നഗരമായ ടിയാൻജിനിൽ ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം നാലിനാകും മോദി എത്തുന്നത്.
നാളെ ചൈനീസ് സമയം ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണ് മോദി ഷി ജിൻപിങ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ഗൽവാൻ സംഘർഷത്തിനു ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്. വിമാന സർവ്വീസുകൾ വീണ്ടും തുടങ്ങുന്നതുൾപ്പടെ പരസ്പര വിശ്വാസം വളർത്താനുള്ള പല തീരുമാനങ്ങളും ചർച്ചയിൽ പ്രതീക്ഷിക്കാം. റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തും. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരായ അമേരിക്കൻ സമ്മർദ്ദം കൂടിക്കാഴ്ചയിൽ ചർച്ചയാകും.
അതേസമയം, ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ജിഎസ്ടിയിലടക്കം വലിയ പരിഷ്ക്കരണത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. ഇന്ത്യയിൽ ഇന്ന് സ്ഥിരതയും ദീർഘവീക്ഷണവും ഉണ്ട്. ഇന്ത്യയും ജപ്പാനും ചേർന്നാൽ ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവം യാഥാർത്ഥ്യമാക്കാനാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ- ജപ്പാൻ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി മോദി കൂടിക്കാഴ്ച നടത്തി.
ലോകം ഇന്ത്യയെ ഉറ്റു നോക്കുകയാണ്. ഇന്ത്യയിലെ യുവാക്കൾക്ക് ജാപ്പനീസ് പഠിക്കാനുള്ള അവസരം കൂട്ടണമെന്നും മോദി പറഞ്ഞു. അതേസമയം, അമേരിക്കൻ തീരുവയെക്കുറിച്ച് മോദി മൗനം പാലിച്ചു. ഈ വിഷയത്തിൽ പ്രതികരണം നടത്താൻ മോദി തയ്യാറായില്ലെന്നാണ് വിവരം. അമേരിക്കയുമായുള്ള താരിഫ് തർക്കം മുറുകുന്നതിനിടെയാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ ബന്ധം ശക്തമാകുന്നത് ക്വാഡ് കൂട്ടായ്മയെ ബാധിക്കില്ലെന്ന് നരേന്ദ്ര മോദി അറിയിക്കും.