തിരുവനന്തപുരം: ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നു സൂചന. എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം സസ്പെൻഷനാണ് പാർട്ടി സജീവമായി പരിഗണിക്കുന്നത്. വിഷയത്തിൽ ഇന്നു രാവിലെ അന്തിമ തീരുമാനം എടുക്കും. എംഎൽഎ സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പാലക്കാട് അടിക്കടി ഉപതെരഞ്ഞെടുപ്പ് വന്നാൽ തിരിച്ചടിയാകും എന്ന വിലയിരുത്തലാണ് പാർട്ടിക്ക്. ഇതോടെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജിക്ക് ശക്തമായ സമ്മർദ്ദം ഉയർത്തിയ നേതാക്കൾ പോലും അയഞ്ഞു. രാഹുലിനെ സസ്പെൻഡ് ചെയ്ത് വിവാദങ്ങളെക്കുറിച്ചു അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ വയ്ക്കാനാണ് നീക്കം.
അതേസമയം ഹൈക്കമാൻഡ് കൈവിട്ടതോടെ രാജിവച്ചൊഴിയുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തലയും വി.ഡി സതീശനും നേരത്തെ നിലപാട് എടുത്തിരുന്നു. ഇരുവരും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ രാഹുലിനെ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്യാനും പാർലമെന്ററി പാർട്ടിയിൽ നിന്ന് മാറ്റി നിർത്താനുമാണ് സാധ്യത. നിയമസഭ നടപടികളിൽ അവസരം നൽകാതെ മാറ്റി നിർത്താനാണ് തീരുമാനമെങ്കിൽ 15 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ രാഹുൽ അവധിയിൽ പോയേക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് പ്രതികരിച്ചിരുന്നു. താൻ കാരണം പാർട്ടിക്ക് തലകുനിക്കേണ്ടി വരരുതെന്നും പാർട്ടി പ്രവർത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പാർട്ടിക്കായി പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നും വ്യക്തമാക്കിയിരുന്നു. കൂടാതെ ട്രാൻസ് വുമണുനായുള്ള ശബ്ദസന്ദേശവും രാഹുൽ പുറത്തുവിട്ടിരുന്നു.