സർകോഡ്: കാസർകോട് വീണ്ടും മുത്തലാഖ് ചൊല്ലിയതായി പരാതി. ദേലംപാടി സ്വദേശി റാഫിദ (22) യെയാണ് തന്നെ ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്നും ക്രൂരമായി മർദിച്ചുവെന്നും കാണിച്ച് പോലീസിൽ പരാതി നൽകിയത്. തനിക്കു ഗുരുതരമായ ശാരീരിക മർദനമുണ്ടായെന്നും കുഞ്ഞിന്റെ പിതൃത്വത്തെപ്പോലും ചോദ്യം ചെയ്‌തെന്നും യുവതി ആരോപിച്ചു. ഭർത്താവ് ഇബ്രാഹിം ബാദുഷ സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ തന്നെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നും യുവതി. ഗർഭിണി ആയിരിക്കുമ്പോൾ പോലും ഇബ്രാഹിം ബാദുഷ മർദിച്ചുവെന്നും വയറ്റിൽ ചവിട്ടിയെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.
അതേസമയം യുവതിയുടെ പരാതിയിൽ ആദൂർ പോലീസ് കേസെടുത്തു. ബളിഞ്ച പളളിയിലെ ഖത്തീബ് ആണ് യുവതിയുടെ ഭർത്താവ് ഇബ്രാഹിം ബാദുഷ. ഈ വർഷം മാർച്ചിൽ കാസർഗോഡ് ഇരുപത്തിയൊന്നുകാരിയായ യുവതിയെ ഭർത്താവ് വാട്ട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയിരുന്നു. നെല്ലിക്കട്ട സ്വദേശി അബ്ദുൾ റസാഖാണ് ഭാര്യാ പിതാവിന് മുത്തലാഖ് സന്ദേശം വാട്ട്‌സ്ആപ്പ് വഴി അയച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും 50 പവൻ ആവശ്യപ്പെട്ടു, 20 പവൻ വിവാഹ ദിവസം നൽകിയെന്നും സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിൽ ഭക്ഷണം പോലും തരാതെ തന്നെ മുറിയിൽ പൂട്ടിയിട്ടെന്നും പെൺകുട്ടി ആരോപിച്ചിരുന്നു.
ഭർത്താവിന്റെ അമ്മയും സഹോദരിയും ചേർന്ന് നിരന്തരം അസഭ്യം പറഞ്ഞുവെന്നും മുത്തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു. ഇതിനുശേഷം കാസർകോട് നിന്നുള്ള സ്ത്രീധനത്തെ ചൊല്ലിയുള്ള രണ്ടാമത്തെ മുത്തലാഖ് പരാതിയാണിത്.