കൊച്ചി: യുവഡോക്ടറെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) അറസ്റ്റ് ചെയ്യുന്നതു അടുത്ത തിങ്കളാഴ്ചവരെ തടഞ്ഞ് ഹൈക്കോടതി. കഴിഞ്ഞദിവസം വാക്കാൽ അറസ്റ്റ് തടഞ്ഞ കോടതി ഇന്ന് അറസ്റ്റ് തടഞ്ഞ് ഉത്തരവിറക്കുകയായിരുന്നു. തിങ്കളാഴ്ചവരെയാണ് ജസ്റ്റിസ് ബെച്ചുകുര്യൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വേടന്റെ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും.
ഇതിനിടെ ഹൈക്കോടതിയിൽ ബുധനാഴ്ച നടന്ന വാദത്തിനിടെ പരാതിക്കാരിയുടെ അഭിഭാഷക കൂടുതൽ രേഖകൾ കോടതിയിൽ ഹാജരാക്കാൻ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പരാതിക്കാരിയുടെ അഭിഭാഷകയുമായി ഒരു ഘട്ടത്തിൽ കോടതിക്ക് തർക്കിക്കേണ്ടിയും വന്നു. നിയമപരമായ വാദങ്ങൾ മാത്രം ഉന്നയിക്കണമെന്ന് പരാതിക്കാരിയുടെ അഭിഭാഷകയെ ഹൈക്കോടതി താക്കീത് ചെയ്തു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ഫേസ്ബുക്ക് പോസ്റ്റുകൾ എന്നിവ കോടതിയിൽ ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു ഈ നിർദേശം.
അതേസമയം വേടന്റെ ജാമ്യഹർജിയെ സർക്കാരും കോടതിയിൽ എതിർത്തു. വേടൻ ഒളിവിലിരുന്ന് കേക്ക് മുറിച്ച് ആഘോഷിച്ച് അതിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതടക്കമുള്ള കാര്യങ്ങൾ കോടതിക്ക് മുൻപാകെ സർക്കാർ ചൂണ്ടിക്കാട്ടി. പരാതിക്കാരിക്ക് മാനസിക സമ്മർദ്ദമുണ്ടായത് വേടൻ ഉപേക്ഷിച്ചുപോയതിനാൽ അല്ലെന്നും 2021-ൽ തന്നെ പരാതികാരിക്ക് മാനസിക പിരിമുറുക്കമുണ്ടെന്നും അതിന് ചികിത്സ തേടിയിട്ടുണ്ടെന്നും വേടന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇതിന് തെളിവായി വാട്‌സാപ്പ് ചാറ്റുകൾ കോടതിയിൽ വേടന്റെ അഭിഭാഷകൻ ഹാജരാക്കി.
എന്നാൽ വിവാഹ വാഗ്ദാനംനൽകി പീഡിപ്പിക്കുകയും പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ വേടൻ എല്ലാം ഉപേക്ഷിച്ചുപോവുകയായിരുന്നെന്നും ഇതോടെ മാനസിക നില തകരാറിലായെന്നുമാണ് പരാതിക്കാരി പറയുന്നത്.