തിരുവനന്തപുരം: താരസംഘടന ‘അമ്മ’ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത് മടങ്ങവേ നടൻ കൊല്ലം തുളസി നടത്തിയ പ്രസ്താവനയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ വൻ വിമർശനവും ട്രോളും. ആണുങ്ങളാണ് എപ്പോഴും ഭരിക്കേണ്ടതെന്നും പെണ്ണുങ്ങൾ എപ്പോഴും താഴെയായിരിക്കണം എന്നുമുള്ള കൊല്ലം തുളസിയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ്. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത് മടങ്ങുമ്പോൾ തന്നെ വളഞ്ഞ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന.
‘ആണുങ്ങൾ ഭരിക്കണം എന്നാണോ ചേട്ടന് താത്പര്യം’, എന്നായിരുന്നു ചോദ്യം. ഇതിന് ‘ആണുങ്ങൾ അല്ലേ ഭരിക്കുക. പെണ്ണുങ്ങൾ എപ്പോഴും താഴെയായിരിക്കണം’, എന്ന് നടൻ മറുപടി നൽകി. ചോദ്യം ചോദിച്ചവരോട് അങ്ങനെയല്ലേ എന്ന് തിരിച്ചുചോദിച്ച കൊല്ലം തുളസി, ‘വേഗം വിട്ടോ വെച്ചുകാച്ചിക്കോ’, എന്നും പറയുന്നു. തുടർന്ന് ‘പുരുഷന്മാർ എപ്പോഴും പെണ്ണുങ്ങളുടെ മോളിലായിരിക്കണം’, എന്നും നടൻ കൂട്ടിച്ചേർത്തു. ക്യാമറയെ നോക്കി തന്നെ, ‘ഞാൻ വെറുതേ പറഞ്ഞതാണ് കേട്ടോ’, എന്നുംകൂടെ പറഞ്ഞ ശേഷമായിരുന്നു കൊല്ലം തുളസി കാറിൽ യാത്ര തിരിച്ചത്.
അതേസമയം വെള്ളിയാഴ്ച നടന്ന ശക്തമായ തിരഞ്ഞെടുപ്പിൽ നടൻ ദേവനെ 27 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോൻ പ്രസിഡന്റായത്. കുക്കു പരമേശ്വരനാണ് പുതിയ ജനറൽ സെക്രട്ടറി. രവീന്ദ്രനെയാണ് കുക്കു പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയും തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാലാണ് ട്രഷറർ. നേരത്തെ, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.