ന്യൂഡൽഹി: വോട്ട് ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ എംപിമാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെയാണ് പോലീസ് അറസ്റ്റുചെയ്ത് നീക്കിയത്. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ്.
ഭരണഘടന സംരക്ഷിക്കാനുള്ള സമരമെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചു. രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. അതിനിടെ മഹുവ മൊയ്ത്ര എംപിക്ക് പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി. ചികിത്സ നൽകണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.
അതേസമയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികളുടെ എംപിമാരെല്ലാം മാർച്ചിൽ പങ്കെടുത്തു. ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. പ്രാദേശിക ഭാഷകളിലടക്കമുള്ള പ്ലക്കാർഡുകളുമായാണ് പ്രതിഷേധപ്രകടനം നടത്തിയത്. നേരത്തെ വിഷയത്തിൽ അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷത്തിൻറെ നോട്ടീസ് തള്ളിയിരുന്നു. തുടർന്ന് പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കുകയും സഭ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
കർണാടകയിലെ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നടന്ന വോട്ടർപട്ടികയിലെ വ്യാപക ക്രമക്കേട് ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. വിഷയം വലിയ തോതിൽ ചർച്ചയായെങ്കിലും മറുപടി നൽകാൻ കമ്മീഷൻ തയ്യാറായിരുന്നില്ല. ഡിജിറ്റൽ വോട്ടർപട്ടിക കൈമാറാതെയും വീഡിയോ തെളിവുകൾ (സിസിടിവി ദൃശ്യങ്ങൾ) 45 ദിവസത്തിനകം നശിപ്പിക്കണമെന്ന സർക്കുലറിറക്കിയും കമ്മിഷൻ ബിജെപിക്ക് ഒത്താശ ചെയ്യുന്നെന്നാണ് രാഹുലിന്റെ ആരോപണത്തിനും കമ്മിഷൻ ഉത്തരം നൽകിയില്ല. ഈ സാഹചര്യത്തിലാണ് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്യാംപയിൻ ശക്തമാക്കാൻ കോൺഗ്രസും ഇന്ത്യാ സഖ്യവും തീരുമാനിച്ചത്. വിഷയമുയർത്തി രാഷ്ട്രീയപ്രചാരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ പാർട്ടികളുടെ എംപിമാർ പ്രതിഷേധമാർച്ച് നടത്തുന്നത്.