ആലപ്പുഴ: ദുരൂഹസാഹചര്യത്തിൽ മൂന്നു സ്ത്രീകളെ കാണാതായ കേസിൽ ഇവർ കൊല്ലപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ അന്വേഷണ സംഘം. സംശയനിഴലിലുള്ള പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്റെ (65) സ്വത്തുവിവരങ്ങളും ഭൂമി ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കുന്നു. കൂടാതെ ജെയ്നമ്മയെ കാണാതായ ദിവസം രാത്രി ഇയാൾ ഫ്രിഡ്ജ് വാങ്ങിയതെന്തിനാണെന്നും കണ്ടെത്താനൊരുങ്ങി പോലീസ്.
സെബാസ്റ്റ്യൻ ജെയ്നമ്മയുടെ സ്വർണം പണയംവച്ചു കിട്ടിയ പണം ഉപയോഗിച്ചു റഫ്രിജറേറ്റർ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജെയ്നമ്മയെ കാണാതായ 2024 ഡിസംബർ 23നു രാത്രിയാണു ചേർത്തലയിലുള്ള കടയിൽ നിന്ന് റഫ്രിജറേറ്റർ വാങ്ങിയത്. റഫ്രിജറേറ്റർ ഏറ്റുമാനൂരിലുള്ള സെബാസ്റ്റ്യന്റെ ഭാര്യവീട്ടിൽനിന്നു കണ്ടെത്തി.
കൂടാതെ ഇയാൾക്കു സ്വന്തം പേരിലും ബെനാമി പേരുകളിലും എവിടെയെല്ലാം സ്വത്തുക്കൾ ഉണ്ടെന്നാണു പ്രധാനമായും പരിശോധിക്കുന്നത്. വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യൻ കഴിഞ്ഞ 20 വർഷത്തിനിടെ നടത്തിയ ഭൂമി ഇടപാടുകളുടെ വിവരവും ശേഖരിക്കുന്നുണ്ട്.
ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്നമ്മയെ (ജെയ്ൻ മാത്യു–54) കാണാതായ കേസിൽ പ്രതിയായ സെബാസ്റ്റ്യൻ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യൻ സംശയനിഴലിലുള്ളത്.