ധർമസ്ഥല: പീഡനത്തിനിരയായി നിരവധി സ്ത്രീകൾ കൊല്ലപ്പെട്ടുവെന്ന ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഇതിനെ സാധൂകരിക്കുന്ന തരത്തിൽ മൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്ന വെളിപ്പെടുത്തലുമായി ഒരു സ്ത്രീ പ്രത്യേക അന്വേഷണസംഘത്തെ സമീപിച്ചു. വെള്ളിയാഴ്ച പരിശോധന നടത്തിയ ബോളിയാർ വനമേഖലയ്ക്കടുത്തു മൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. മൃതദേഹം കുഴിച്ചിട്ടശേഷം ശുചീകരണത്തൊഴിലാളി ഇവരുടെ വീട്ടിലെത്തി വെള്ളം കുടിച്ചെന്നും കുഴിയെടുക്കാൻ ഉപയോഗിച്ച തൂമ്പ കഴുകിയെന്നും ഇവർ പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നൽകിയതായാണു വിവരം.
അതേസമയം നേത്രാവതി സ്നാനഘട്ടിനു സമീപം രേഖപ്പെടുത്തിയ 13–ാം സ്പോട്ടിൽ ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്നു കഴിഞ്ഞ ദിവസം ആറുപേർ അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു. നദിക്കു സമീപം കുഴിച്ചാൽ വെള്ളം ഗതിമാറിയെത്തും എന്നതിനാൽ, ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ എത്തിച്ചായിരിക്കും ഇവിടെ പരിശോധന നടത്തുക.
ശനിയാഴ്ച ധർമസ്ഥല ക്ഷേത്ര കവാടത്തിനുള്ളിൽ കുഴിയെടുത്തു പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. ആദ്യമായാണു ക്ഷേത്ര കവാടത്തിനുള്ളിൽ പരിശോധിച്ചത്. ക്ഷേത്രത്തിലെ ബാഹുബലിബെട്ട എന്ന പ്രതിഷ്ഠയുടെ തൊട്ടടുത്താണു പ്രത്യേക അന്വേഷണസംഘം ഇന്നലെ പരിശോധന നടത്തിയത്. ഇന്നു പരിശോധനയുണ്ടാകില്ല. നാളെ തുടരും.