ജയ്പൂർ: തെറ്റുചൂണ്ടിക്കാട്ടിയ നേതാവിനെ പുറത്താക്കി ബിജെപി നേതൃത്വം. മുൻ ഗവർണർ സത്യപാൽ മാലിക്, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവരോടുള്ള പാർട്ടി സമീപനത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയ സംസ്ഥാന നേതാവിനാണ് പുറത്താക്കിയത്. രാജസ്ഥാൻ ബിജെപി സംസ്ഥാന വക്താവ് കൃഷ്ണകുമാർ ജാനുവിനെ ആറ് വർഷത്തേക്കാണു പുറത്താക്കിയത്.
കഴിഞ്ഞ ജൂൺ 20-ന് രാജസ്ഥാനിലെ ജുൻജുനു ജില്ലാ പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയുടെ പേരിൽ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് കൃഷ്ണകുമാർ ജാനു തൃപ്തികരമായ മറുപടി നൽകിയില്ലെന്നും അതിനാലാണ് പുറത്താക്കുന്നത് എന്നുമായിരുന്നു ബിജെപി സംസ്ഥാന അച്ചടക്ക സമിതി ചെയർപേഴ്‌സൺ ഓങ്കാർ സിംഗ് ലഖാവത് പ്രതികരിച്ചത്.
ബിജെപി സംസ്ഥാന അച്ചടക്ക സമിതി ചെയർപേഴ്‌സൺ ഓങ്കാർ സിംഗ് ലഖാവത് പ്രതികരിച്ചത് ഇങ്ങനെ- ‘അദ്ദേഹം തന്റെ പരാമർശങ്ങളെ ന്യായീകരിക്കുന്നതിൽ പരാജയപ്പെട്ടു. അതിനാൽ കമ്മിറ്റി അദ്ദേഹത്തെ ആറ് വർഷത്തേക്ക് പുറത്താക്കാൻ തീരുമാനിച്ചു”. എന്നാൽ കൃഷ്ണകുമാർ ജാനുവിന്റേതായി പറയപ്പെടുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതാണ് പുറത്താക്കലിനു പിന്നിൽ. നിരവധി സംസ്ഥാനങ്ങളുടെ ഗവർണറായും പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ച സത്യപാൽ മാലിക്കിനെയും കഴിഞ്ഞ മാസം രാജിവെച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെയും പാർട്ടി കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സത്യപാൽ മാലിക്കിനോട് പെരുമാറിയത് ന്യായീകരിക്കാനാവില്ല. ബഹുജന നേതാക്കളോട് ബിജെപി ഇങ്ങനെ ചെയ്യുന്നത് വളരെ സങ്കടകരമാണെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞിരുന്നു. ജാട്ട് സമുദായത്തിൽ നിന്നുള്ള നേതാക്കൾക്കെതിരായ നടപടിയെ എന്തുകൊണ്ട് സമുദായത്തിലെ മറ്റുംഗങ്ങൾ ചോദ്യം ചെയ്യുന്നില്ലെന്നും കൃഷ്ണ കുമാർ ജാനു ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുമായി നേതൃത്വം രംഗത്തെത്തിയത്.