തിരുവനന്തപുരം: സർക്കാർ ആർക്കെങ്കിലും സഹായധനം കൊടുക്കുന്നതിനു താൻ എതിരല്ലെന്നും മുൻപരിചയമില്ലാത്തവർക്കു സിനിമ എടുക്കാൻ പണം നൽകുമ്പോൾ അതിനു മുൻപ് അവർക്കു കൃത്യമായ പരിശീലനം നൽകണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.
പട്ടികജാതി, പട്ടികവർഗക്കാർക്കും സ്ത്രീകൾക്കും സിനിമയെടുക്കാൻ പണം വെറുതെ കൊടുക്കരുതെന്ന് സിനിമാ കോൺക്ലേവിന്റെ സമാപനച്ചടങ്ങിൽ അടൂർ പറഞ്ഞത് ഏറെ വിവാദമായിരുന്നു. അതിനെതിരെ മനുഷ്യാവകാശ പ്രവർത്തകൻ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അടൂരിന്റെ വിശദീകരണം. സിനിമയെന്ന മാധ്യമത്തെക്കുറിച്ച് അറിയാതെ എത്തുന്നവർ പണം വാങ്ങി ക്യാമറാമാന്മാരുടെ ഔദാര്യത്തിൽ സിനിമ ചെയ്ത് പൊട്ടിപ്പോയ ചരിത്രമുണ്ടെന്നും അടൂർ പറഞ്ഞു.
പലപ്പോഴും വേണ്ടത്ര പരിശീലനമില്ലാതെ ആദ്യമായി സിനിമ എടുക്കാൻ വരുന്നവർ പലരും അതിനുശേഷം അപ്രത്യക്ഷരാകുന്നതാണ് കാണുന്നത്. അവർക്കു വേണ്ടത്ര പരിശീലനം നൽകിയാൽ തുടർന്നും ഈ രംഗത്തു പ്രവർത്തിക്കാൻ കഴിയും. സ്ത്രീകൾക്കും പിന്നാക്കവിഭാഗങ്ങൾക്കും എതിരായല്ല, അവർക്കു വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. അവരിൽനിന്ന് മികച്ച ഫിലിം മേക്കേഴ്‌സ് ഉണ്ടാകാൻ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. ആദ്യം സിനിമ എടുക്കാൻ വരുന്നവർക്ക് ഒന്നരക്കോടി രൂപയാണ് ഇപ്പോൾ നൽകുന്നത്. അത്രയും വേണ്ടെന്നാണ് എന്റെ അഭിപ്രായം. അത്രയും ബജറ്റിന് ഞാൻ സിനിമ എടുത്തിട്ടില്ല. അത് ഈ മാധ്യമത്തെക്കുറിച്ച് കൃത്യമായി അറിയുന്നതുകൊണ്ടാണു പറയുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്യാത്തതുകൊണ്ടാണ് ചെലവ് അധികരിക്കുന്നത്. അവസരം കിട്ടുമ്പോൾ അതു മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയണമെന്നും അടൂർ.
ആദ്യമായി ഒരു സിനിമ എടുക്കാൻ വരുന്നവർക്ക് പണം കൊടുക്കാനുള്ള സർക്കാർ നടപടി നല്ല തീരുമാനമാണ്. പക്ഷേ അത് പാഴാകാതെ ഉപയോഗിക്കാൻ അവർക്ക് പരിശീലനം കൊടുക്കുകയാണ് വേണ്ടത്. 50 ലക്ഷം വച്ച് 3 പേർക്കു കൊടുത്താൽ കൂടുതൽ പേർക്ക് അവസരം ലഭിക്കും. പോസിറ്റീവായാണ് 50 ലക്ഷം വീതം നൽകണമെന്നു പറഞ്ഞത്. പണം വാങ്ങുന്നവർക്കു മാത്രമല്ല കെഎസ്എഫ്ഡിസി ഉൾപ്പെടെ കൊടുക്കുന്നവർക്കും ഉത്തരവാദിത്തം വേണം. ഒന്നരക്കോടി രൂപ കൊടുക്കുന്നത് അഴിമതിക്കു വഴിവയ്ക്കുമെന്ന് മുഖ്യമന്ത്രിയോടു തന്നെ പറഞ്ഞിരുന്നതാണ്. കോൺക്ലേവിൽ വളരെ പോസിറ്റീവായി പറഞ്ഞതിനെ നെഗറ്റീവ് ആക്കി മാറ്റിയത് അദ്ഭുതമാണെന്നും അടൂർ പറഞ്ഞു.
അതുപോലെ കോൺക്ലേവിൽ താൻ സംസാരിച്ചപ്പോൾ ഗായിക പുഷ്പവതി എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചത് പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും അടൂർ പറഞ്ഞു. പ്രധാനപ്പെട്ട ഒരു സെഷനിൽ ഞാൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അതു തടസപ്പെടുത്താൻ അവർക്ക് എന്താണ് അവകാശം. സ്‌റ്റേജിൽ ഇരുന്ന മന്ത്രി ഉൾപ്പെടെ എന്തുകൊണ്ടാണ് അവരെ തടയാതിരുന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ ചോദിച്ചു.