ബത്തേരി: വയനാട്ടിൽ പൊതു മധ്യത്തിൽ പാസ്റ്റർക്കു നേരെ ബജ്റംഗ്ദൾ പ്രവർത്തകരുടെ കൊലവിളി. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്നാണ് പ്രവർത്തകർ പാസ്റ്ററെ ഭീഷണിപ്പെടുത്തിയത്. പാസ്റ്ററുടെ വാഹനം ബത്തേരി ടൗണിൽ വച്ച് തടയുന്നതിന്റേയും ബജ്റംഗ ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്നു.
കഴിഞ്ഞ ഏപ്രിലിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. അവധിക്കാല ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റർ പോയത്. ഇതറിഞ്ഞ ബജ്റംഗ്ദൾ പ്രവർത്തകർ പാസ്റ്ററെ ബത്തേരിയിലിട്ട് തടയുകയായിരുന്നു.
‘ഹിന്ദു വീടുകളിൽ കയറിയാൽ ഇനി അടി ഉണ്ടാകില്ല. ആ കാൽ അങ്ങ് വെട്ടിക്കളയും. അടി കൊണ്ട് കാര്യമില്ല’ എന്ന് പാസ്റ്ററെ തടഞ്ഞുവെച്ച് യുവാക്കൾ ഭീഷണി മുഴക്കുന്നത് വീഡിയയോയിൽ കാണാൻ കഴിയും. കൂടാതെ പാസ്റ്റരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ലായെന്നാണ് അറിയുന്നത്. പരാതി നൽകാത്തതിനെ തുടർന്നാണ് നടപടികളിലേക്ക് പോലീസ് കടക്കാത്തതെന്നാണ് വിവരം.