തിരുവനന്തപുരം: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി അവസാന ശ്രമവുമായി കുടുംബം. കേരള ഗവര്‍ണറെയും നേതാക്കളെയും നേരിൽ കണ്ടതുൾപ്പെടെ നിമിഷപ്രിയയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കുമെന്ന അറിയിപ്പ് ലഭിച്ചതിനു പിന്നാലെ ഓരോ വാതിലിലും മുട്ടുകയാണു കുടുംബം. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ഇടപെടലിലൂടെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിനെ കണ്ട ഭര്‍ത്താവ് ടോമി തോമസ് ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഉള്‍പ്പെടെ കാണാന്‍ ശ്രമിക്കുകയാണ്. ആശ്വാസകരമായ പ്രതികരണമാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ടോമി തോമസ് പറഞ്ഞു. എല്ലാ പിന്തുണയും നല്‍കുമെന്നും ധൈര്യമായി ഇരിക്കാനും ഗവര്‍ണര്‍ പറഞ്ഞു.
നിമിഷപ്രിയയ്ക്കായി മോചനദ്രവ്യം നല്‍കാന്‍ അബ്ദുല്‍ റഹീം ട്രസ്റ്റ് സന്നദ്ധത അറിയിച്ചതായി ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. ഇന്നലെ ബോര്‍ഡ് യോഗം ചേര്‍ന്ന് അവര്‍ ഇന്ന് ഇക്കാര്യം അറിയിച്ചുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. നിമിഷപ്രിയയുടെ മോചനമെന്നത് ഉമ്മന്‍ ചാണ്ടിയുടെ അവസാന ആഗ്രഹങ്ങളിലൊന്നായിരുന്നുവെന്നും അതിനായി ശ്രമം തുടരുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ചാണ്ടി ഉമ്മന്റെ ഇടപെടലിനെ തുടര്‍ന്ന് യെമനിലുള്ള നിമിഷപ്രിയയുടെ അമ്മയും ഫോണിലൂടെ ഗവര്‍ണറുമായി സംസാരിച്ചിരുന്നു.
വിഷയത്തില്‍ ഇടപെടല്‍ തേടി സേവ് നിമിഷപ്രിയ ആക്‌ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്നിരിക്കെ അറ്റോര്‍ണി ജനറലിന്റെ ഓഫിസ് വിദേശകാര്യമന്ത്രാലയത്തില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഹര്‍ജിക്കാരും അവരുടെ പക്കലുള്ള രേഖകളും വിവരങ്ങളും എജിയുടെ ഓഫിസിനു കൈമാറി. അതേസമയം, മനുഷ്യാവകാശ പ്രവര്‍ത്തന്‍ സാമുവല്‍ ജെറോം ഇന്ന് സനായിലെ ജയിലിൽ എത്തി നിമിഷപ്രിയയെയും അധികൃതരെയും കാണും.