തിരുവനന്തപുരം: സഹഅധ്യാപകനോടുള്ള മുൻവൈരാഗ്യത്തിൽ പ്ലസ് വൺ വിദ്യാർഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാർത്ത പ്രചരിപ്പിച്ച അധ്യാപികയെ സംരക്ഷിച്ച് പോലീസ്. കിളിമാനൂർ രാജാ രവിവർമ്മ ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപിക സി ആർ ചന്ദ്രലേഖക്കെതിരെയാണ് പോക്സോ കേസ് റജിസ്റ്റർ ചെയ്തിട്ടും നടപടിയെടുക്കാൻ കിളിമാനൂർ പോലീസ് ഇതുവരെ തയാറാകാത്തത്.
പോക്സോ കേസെടുത്ത് എട്ടാം ദിവസവും തൻറെ വീടിനു മുമ്പിൽ കൂടി അധ്യാപിക സ്വതന്ത്രമായി സഞ്ചരിക്കുന്നത് കാണുന്നത് തന്നെ അത്യധികം വേദനിപ്പിക്കുന്നുവെന്ന് വിദ്യാർഥിനി പറയുന്നു. എല്ലാ തെളിവുകളും പോലീസിന് നല്കിയിട്ടും ഉദ്യോഗസ്ഥർ മൊഴി എടുക്കാനെന്ന പേരിൽ വീട്ടിൽ കയറിയിറങ്ങുന്നത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും വിദ്യാർഥിനി പറയുന്നു.
സി ആർ ചന്ദ്രലേഖ സഹഅധ്യാപകനോടുള്ള വൈരാഗ്യത്തിലാണ്, അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചത്. കഴിഞ്ഞ ജനുവരിയിൽ വിദ്യാർഥിനി അപസ്മാരം ബാധിച്ച് അവധിയിലായിരുന്ന കാലയവളിലാണ് വ്യാജ വാർത്ത സമൂഹ മാധ്യമങ്ങിലടക്കം അധ്യാപിക പ്രചരിപ്പിച്ചത്. ഇതോടെ അപമാനഭാരത്താൽ പതിനാറുകാരിയായ വിദ്യാർഥിനിക്ക് പഠനം നിർത്തേണ്ടി വന്നു. കൂടാതെ പോലീസിൽ നിന്നും ചൈൽഡ് ഹെൽപ് ലൈനിൽ നിന്നുവരെ കുട്ടിക്ക് അന്വേഷണം വന്നു. ഇതോടെ പോലീസിലും വിദ്യാഭ്യാസ വകുപ്പിലും തുടർന്ന് മേയ് 27 ന് മുഖ്യമന്ത്രിക്കും കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
തുടർന്ന് പിടിഎയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 5ന് ചന്ദ്രലേഖയെ സസ്പെൻഡ് ചെയ്തു. അതേദിവസം ഇവർക്കെതിരെ കിളിമാനൂർ പേലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ചന്ദ്രലേഖക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയാറായിട്ടില്ലെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.

















































