അഹമ്മദാബാദ്: ഇത്തവണ പ്ലേഓഫ് ഉറപ്പിച്ച ടീമുകളെയെല്ലാം തോൽപിച്ച് മാന്യമായി പുറത്തുപോകുന്ന പതിവിന്റെ ആവർത്തനം ചെന്നൈയും തുടരുമോ? സാധ്യത കണ്ടിട്ട് അങ്ങനെതന്നെയാണ് തോന്നുന്നത്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും അവസാന സ്ഥാനക്കാരും നേർക്കുനേർ എത്തുന്ന ഐപിഎൽ പോരാട്ടത്തിൽ, ഒന്നാമൻമാരായ ഗുജറാത്ത് ടൈറ്റൻസിനു മുന്നിൽ 231 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയിരിക്കുന്നത്.
ഗുജറാത്തിന്റെ തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ, നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 230 റൺസെടുത്തത്. ഇന്നത്തെ മത്സരത്തിൽ ബാറ്റെടുത്തവരെല്ലാം ഒരുപോലെ തിളങ്ങിയതാണ് അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് കരുത്തായത്. അർധസെഞ്ചുറി നേടിയ യുവതാരം ഡിയെവാൾഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ ബൗണ്ടറി മഴ പെയ്യിച്ച ബ്രെവിസ്, 23 പന്തിൽ അഞ്ച് സിക്സും നാലു ഫോറും സഹിതം 57 റൺസെടുത്ത് അവസാന പന്തിൽ പുറത്തായി.
ഓപ്പണർ ഡിവോൺ കോൺവെയും അർധസെഞ്ചുറി നേടി. 35 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 52 റൺസെടുത്താണ് കോൺവേ മടങ്ങിയത്. അതേസമയം ചെന്നൈയ്‌ക്ക് മിന്നുന്ന തുടക്കം സമ്മാനിച്ച യുവ ഓപ്പണർ ആയുഷ് മാത്രെ 17 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 34 റൺസെടുത്തു. ശിവം ദുബെ എട്ടു പന്തിൽ രണ്ടു സിക്സറുകളുടെ അകമ്പടിയോടെ 17 റൺസെടുത്തു. രവീന്ദ്ര ജഡേജ 18 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 21 റൺസോടെ പുറത്താകാതെ നിന്നു.
കൂടാതെ ചെന്നൈ നിരയിൽ രണ്ട് അർധസെഞ്ചുറി കൂട്ടുകെട്ടുമുയർന്നു. രണ്ടാം വിക്കറ്റിൽ കോൺവേ – ഉർവിൽ പട്ടേൽ സഖ്യം 34 പന്തിൽ 63 റൺസെടുത്തു. അഞ്ചാം വിക്കറ്റിൽ ബ്രെവിസ് – ജഡേജ സഖ്യം 39 പന്തിൽ 74 റൺസ് കൂട്ടിച്ചേർത്താണ് ചെന്നൈയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ മാത്രെ – കോൺവെ സഖ്യം വെറും 22 പന്തിൽ അടിച്ചെടുത്ത 44 റൺസും നിർണായകമായി.
അതേസമയം ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ നാല് ഓവറിൽ 22 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. സായ് കിഷോർ രണ്ട് ഓവറിൽ 23 റൺസ് വഴങ്ങിയും റാഷിദ് ഖാൻ നാല് ഓവറിൽ 42 റൺസ് വഴങ്ങിയും ഷാറൂഖ് ഖാൻ ഒരു ഓവറിൽ 13 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 9 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 67 എന്ന നിലയിലാണ്. 13 റൺസെടുത്ത് ശുഭ്മാൻ ഗിൽ പുറത്തായി. ജോസ് ബട്ട്ലർ 5 റൺസും റൂഥർഫോർഡ് റൺസൊന്നുമെടുക്കാതെയും പുറത്തായി.