അരുൺ ഡി ജോസ് സംവിധാനം ചെയ്ത് മാത്യു തോമസ്, അർജുൻ അശോകൻ, മഹിമ നമ്പ്യാർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ബ്രോമാൻസ്. ഈ ചിത്രത്തിനു തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. കുറച്ചുദിവസം മുൻപ് ചിത്രം ഒടിടിയിലും റിലീസിന് എത്തിയിരുന്നു. ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിന് വൻ തോതിൽ ട്രോളുകളാണ് ചിത്രത്തിനു ഏറ്റുവാങ്ങേണ്ടി വന്നത്.
എന്നാൽ ഇപ്പോഴിതാ ബ്രോമാൻസിലെ താൻ ചെയ്ത ബിന്റോ വർഗീസ് എന്ന കഥാപാത്രം ഓവർ ആയിപ്പോയെന്ന് സ്വയം ഏറ്റുപറയുകയാണ് നടൻ മാത്യു തോമസ്. ചിത്രം ഒടിടിയിൽ റിലീസ് ചെയ്തതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളെപ്പറ്റി മാധ്യമങ്ങളോടു സംസാരിക്കുന്നതിന് ഇടയിലാണ് മാത്യു ഇക്കാര്യം പറഞ്ഞത്. കഥാപാത്രത്തിന് വേണ്ടി തിരഞ്ഞെടുത്ത മീറ്റർ തെറ്റിപ്പോയെന്നും താൻ ഓവറാണെന്ന് തോന്നിയത് പ്രേക്ഷകരുടെ കുഴപ്പം കൊണ്ടല്ലെന്നും മാത്യു തോമസ് പറഞ്ഞു.
‘‘തിയറ്റർ ഓഡിയൻസ്, ഒടിടി ഓഡിയൻസ് എന്നൊന്നും ഇല്ല. ഒറ്റ ഓഡിയൻസേ ഉള്ളൂ. സിനിമ തിയറ്ററിൽ എത്തിയപ്പോഴും എന്റെ കഥാപാത്രത്തിന്റെ അഭിനയത്തെക്കുറിച്ച് വിമർശനമുണ്ടായിരുന്നു. ആ കഥാപാത്രത്തിന് ഞങ്ങൾ തിരഞ്ഞെടുത്ത മീറ്റർ തെറ്റിപ്പോയി എന്നാണ് ഞാൻ മനസിലാക്കുന്നത്. ആളുകൾ ഓവർ എന്നു പറയുന്നത് ഓവർ ആയതുകൊണ്ടു തന്നെയാണ്.
ഭൂരിഭാഗം പ്രേക്ഷകർക്കും ആ കഥാപാത്രം വർക്ക് ആയിട്ടില്ല. അത് ഓഡിയൻസ് മാറിയതു കൊണ്ടോ പ്ലാറ്റ്ഫോം മാറിയത് കൊണ്ടോ അല്ല. ചെയ്തതിന്റെ പ്രശ്നമാണ്. അത് കുറച്ചു കൂടി വൃത്തിക്ക് അല്ലെങ്കിൽ എല്ലാവർക്കും കൺവിൻസിങ് ആകുന്ന രീതിയിൽ ചെയ്യണമായിരുന്നു. നമ്മൾ ഷൂട്ടിന്റെ സമയത്ത് എടുത്ത ഒരു ജഡ്ജ്മെന്റിന്റെ പ്രശ്നമായിരുന്നു അത്. പ്രേക്ഷകർ പറയുന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും മനസ്സിലാക്കി മെച്ചപ്പെടാൻ ശ്രമിക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ.’’- മാത്യു തോമസ് പറഞ്ഞു.