ജയ്പുർ: മരിച്ച് ചിതയിലേക്കെടുത്ത അമ്മയുടെ ആഭരണങ്ങൾ തനിക്കുവേണമെന്ന് ആവശ്യപ്പെട്ട് മകന്റെ പ്രതിഷേധം. അമ്മയുടെ ചിതയ്ക്ക് മുകളിൽ കയറിക്കിടന്നാണ് മകൻ പ്രതിഷേധിച്ചത്. രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിലായിരുന്നു സംഭവം. ഒടുവിൽ അമ്മയുടെ ആഭരണങ്ങൾ ശ്മശാനത്തിലെത്തിച്ച് കൈമാറിയതോടെയാണ് മകൻ പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തെത്തുടർന്ന് സംസ്‌കാരച്ചടങ്ങുകൾ രണ്ടുമണിക്കൂറോളം വൈകി.
രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിലെ ഭുരിദേവിയുടെ സംസ്‌കാരച്ചടങ്ങിനിടെയാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. മെയ് മൂന്നിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
സംഭവം ഇങ്ങനെ- ഭുരിദേവിയുടെ ആഭരണങ്ങൾ ലഭിക്കാനായി അഞ്ചാമത്തെ മകനായ ഓംപ്രകാശാണ് സംസ്കാരച്ചടങ്ങിനിടെ പ്രശ്നമുണ്ടാക്കിയത്. ഓംപ്രകാശ് അടക്കം ഭുരിദേവിക്ക് ഏഴ് ആൺമക്കളാണുള്ളത്. ഇതിൽ ആറുപേരും ഗ്രാമത്തിൽ ഒരുമിച്ചാണ് താമസം. എന്നാൽ, ഓംപ്രകാശ് മാത്രം മറ്റൊരിടത്താണ് താമസിക്കുന്നത്. ഓംപ്രകാശും സഹോദരങ്ങളും തമ്മിൽ വർഷങ്ങളായി സ്വത്തുതർക്കം നിലനിൽക്കുന്നുണ്ട്. ഇതിനിടെയായിരുന്നു അമ്മയുടെ മരണം.
ഭുരിദേവി മരിച്ചതിനു പിന്നാലെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെല്ലാം മാറ്റുകയും വീട്ടിൽവെച്ച് ആചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തുകയും ചെയ്തിരുന്നു. ഈ സമയത്ത് മൂത്തമകനായ ഗിർദാരിക്കാണ് അമ്മ ധരിച്ചിരുന്ന ആഭരണങ്ങൾ കൈമാറിയിരുന്നത്. തുടർന്ന് മൃതദേഹം സംസ്‌കരിക്കാനായി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ഇതിനുപിന്നാലെയാണ് ഓംപ്രകാശും സഹോദരങ്ങളും തമ്മിൽ തർക്കമുണ്ടായത്. അമ്മയുടെ ആഭരണങ്ങൾക്കായി ഇയാൾ അവകാശവാദമുന്നയിക്കുകയും ചെയ്തു.
അമ്മയുടെ വെള്ളി വളകളും മറ്റാഭരണങ്ങളും തനിക്കുവേണമെന്നായിരുന്നു ഓംപ്രകാശിന്റെ ആവശ്യം. മാത്രമല്ല അമ്മയുടെ ആഭരണങ്ങൾ നൽകാതെ സംസ്‌കാരം നടത്താൻ താൻ അനുവദിക്കില്ലെന്നുപറഞ്ഞ് ഇയാൾ അമ്മയ്‌ക്കൊരുക്കിയ ചിതയ്ക്ക് മുകളിൽ കിടക്കുകയും ചെയ്തു. ബന്ധുക്കളും നാട്ടുകാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഓംപ്രകാശ് വഴങ്ങിയില്ല. ഒടുവിൽ വീട്ടിലുണ്ടായിരുന്ന ആഭരണങ്ങൾ ശ്മശാനത്തിലെത്തിച്ച് കൈമാറിയതോടെയാണ് ഓംപ്രകാശ് പ്രതിഷേധത്തിൽനിന്ന് പിന്മാറിയത്. സംഭവത്തെതുടർന്ന് സംസ്‌കാര ചടങ്ങുകൾ രണ്ടുമണിക്കൂറോളം വൈകുകയും ചെയ്തു.