താമരശ്ശേരി: മകൾക്ക് തേനീച്ചക്കുത്തേറ്റതിനാൽ നാലു ദിവസമായി മെഡിക്കൽ കോളജിൽ ചികിത്സയിൽ, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിലെത്തിയ യുവതിക്കും മകൾക്കും ലഹരിക്കടിമയായ ഭർത്താവിന്റെ കയ്യിൽ നിന്ന് ക്രൂരമായ മർദനം. രാത്രി പത്തു മുതൽ രണ്ടു മണിക്കൂറോളം മർദനമുണ്ടായി. സഹിക്ക വയ്യാതെ എട്ടു വയസുകാരിയായ മകളെയും കൊണ്ട് അർധരാത്രിയിൽ വീടുവിട്ടോടിയ യുവതിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തിൽ നസ്ജയും മകളുമാണ് ഇന്നലെ രാത്രി ഭർത്താവ് നൗഷാദിന്റെ ക്രൂരമർദനത്തിന് ഇരയായത്. യുവതിയുടെ തലയ്ക്കും പരുക്കുണ്ട്. മർദനത്തിൽ പരുക്കേറ്റ മകളും വല്ല്യുമ്മ സുബൈദയും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
അതേ സമയം യുവതി മകൾക്ക് തേനീച്ചക്കുത്തേറ്റതിനാൽ നാലു ദിവസമായി മെഡിക്കൽ കോളജിൽ ആയിരുന്നു. ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ ചൊവ്വാഴ്ച രാത്രിയാണ് അതിക്രൂരമർദനമുണ്ടായത്. വെട്ടിക്കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായി താമരശ്ശേരി പോലീസിന് യുവതി മൊഴി നൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.
വിവാഹം കഴിഞ്ഞ കാലം മുതൽ മർദനമുണ്ടെന്നും അർധരാത്രി വീടുവിട്ടോടിയത് ഏതെങ്കിലും വാഹനത്തിന്റെ മുന്നിൽ ചാടാനായിരുന്നെന്നും യുവതി പറഞ്ഞു. രാത്രി പത്തു മുതൽ രണ്ടു മണിക്കൂറോളം മർദനമുണ്ടായി. സഹിക്കാനാകാതെ ഏതെങ്കിലും വാഹനത്തിനു മുന്നിൽ ചാടാനാണ് വീടുവിട്ടിറങ്ങിയത്. ഇതുകണ്ട് നാട്ടുകാരിൽ ചിലരാണ് പിടിച്ചുമാറ്റിയത്. കൊടുവാളുമായി വീടിനു ചുറ്റും ഭർത്താവ് ഓടിച്ചു. മർദനം തടയാൻ ശ്രമിക്കുന്നതിനിടെ എട്ടുവയസുകാരിയായ മകൾക്കും പരുക്കേറ്റതായും നസ്ജ പറഞ്ഞു