ന്യൂഡൽഹി: ഇന്ത്യ-പാക് വിഷയത്തിലെ അമേരിക്കൻ ഇടപെടലിനെ ചോദ്യം ചെയ്ത് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗവും പ്രത്യേക പാർലമെന്റ് സമ്മേളനവും വിളിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്രസർക്കാർ സ്വീകരിച്ച മുഴുവൻ നടപടികൾക്കും പ്രതിപക്ഷ പാർട്ടികളുടെ പൂർണ പിന്തുണയുണ്ടായിരുന്നു. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ അമേരിക്ക ഇടപ്പെട്ടതിനെ കോൺഗ്രസ് ചോദ്യം ചെയ്യുന്നു. രാജ്യത്തിൻറെ കാര്യം ട്രംപിലൂടെ അറിയേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗവും പ്രത്യേക പാർലമെന്റ് സമ്മേളനവും വിളിക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. പഹൽഗാമിലെ ഇരകൾക്ക് നീതി ലഭിച്ചോ എന്നും നഷ്ടവും നേട്ടവും അറിയണമെന്നും പവൻ ഖേര പറഞ്ഞു.
അമേരിക്കൻ മധ്യസ്ഥതയ്ക്ക് പിന്നാലെയാണ് ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് തയ്യാറായതെന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ വെടി നിർത്തലിന് ഇടപെട്ടെന്ന ട്രംപിൻറെ വാദം ഇന്ത്യ എവിടെയും പരാമർശിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. മുൻപ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുള്ള താരതമ്യങ്ങളും കോൺഗ്രസ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ ആരംഭിച്ചിട്ടുണ്ട്.