ന്യൂഡൽഹി: പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ സ്ഥിരീകരിച്ചു വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങള്‍. ഇന്ത്യയുടെ സേനാതാവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. ഇന്ത്യയുടെ 36 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയെന്നും കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പാക്കിസ്ഥാന്റെ 300- നാനൂറോളം ഡ്രോണുകള്‍ സൈന്യം തകര്‍ത്തു. പാക് സൈന്യം ആക്രമണത്തിന് ഉപയോഗിച്ചത് തുര്‍ക്കി ഡ്രോണുകളെന്നും ഇന്ത്യന്‍ ആര്‍മി വിശദീകരിച്ചു.
അതേസമയം പാക്കിസ്ഥാന്റെ ആക്രമണത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്കൂളിലിനു സമീപം പാകിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിലാണ് വിദ്യാർഥികൾ കൊല്ലപ്പെട്ടത്. വലിയ അപകടം ഒഴിവായത് സ്‌കൂള്‍ അടച്ചിട്ടിരുന്നതിനാലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.
കൂടാതെ യാത്രാ വിമാനങ്ങളെ കവചമാക്കി പോലും പാക്കിസ്ഥാന്‍ ആക്രമണം നടത്തി. എന്നാൽ ശക്തമായ തിരിച്ചടി ഇന്ത്യ നല്‍കിയെന്നും വാര്‍ത്ത സമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക്കിസ്ഥാന്റെ ഡ്രോണുകൾ തകർത്തു. അതേസമയം നിയന്ത്രണരേഖയിലും പാക്കിസ്ഥാൻ ആക്രമണം നടത്തി. ഭട്ടിൻഡ സൈനിക കേന്ദ്രവും പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടു. ഇന്ത്യൻ തിരിച്ചടിയിൽ പാക്കിസ്ഥാന്‍ സൈന്യത്തിനും കനത്ത നാശനഷ്ടമുണ്ടായെന്നും വിദേശകാര്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.