ന്യൂഡൽഹി: രാജ്യം 1971നെ ഇന്ത്യ– പാക്കിസ്ഥാൻ യുദ്ധത്തിനു സമാനമായ തയാറെടുപ്പുകളിലെന്നു സൂചന. അന്നത്തെ യുദ്ധത്തിനു ശേഷം ഇതാദ്യമായാണ് രാജ്യത്ത് സമാന രീതിയിലുള്ള തയാറെടുപ്പുകൾ നടത്തുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാനാണ് ചില സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദേശം. ആക്രമണം നേരിടാൻ ജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണമെന്നും കേന്ദ്ര സർക്കാർ നിർദേശമുണ്ട്. കൂടാതെ ഒഴിപ്പിക്കൽ നടപടികൾക്കായി റിഹേഴ്സലും നടത്തും. ഇതിന്റെ ഭാഗമായി മേയ് 7 ബുധനാഴ്ച മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 1971ൽ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിനു മുമ്പും സമാനമായി കാര്യങ്ങൾ രാജ്യം ചെയ്തിരുന്നു.
അതേസമയം പാക്കിസ്ഥാനു നൽകിവരുന്ന സാമ്പത്തിക സഹായം നിർത്തലാക്കണമെന്ന് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിനോട് (എഡിബി) ഇന്ത്യ ആവശ്യപ്പെട്ടു. എഡിബി മേധാവി മസാതോ കംഡയുമായി നേരിട്ട് നടത്തിയ ചർച്ചയിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇറ്റലിയിലെ മിലാനിൽ എഡിബിയുടെ 58-ാമത് വാർഷികയോഗത്തിൽ പങ്കെടുക്കവെയാണ് ധനമന്ത്രി എഡിബി മേധാവിയോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടത്. 2024ലെ കണക്കുകൾ പ്രകാരം, 53 വായ്പകളും മൂന്ന് ഗ്രാന്റുകളുമടക്കം 9.13 ബില്യൺ ഡോളറാണ് പാക്കിസ്ഥാൻ എഡിബിയിൽ നിന്ന് വാങ്ങിയിട്ടുള്ളത്.
കൂടാതെ, ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി യോഗം ഇന്ത്യ – പാക്കിസ്ഥാൻ വിഷയം ചർച്ച ചെയ്യും. ഇന്നു രാത്രി പന്ത്രണ്ടരയ്ക്കാണ് യോഗം. ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ സാഹചര്യം വിലയിരുത്തും. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ മേഖലയിൽ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് പാക്കിസ്ഥാൻ രക്ഷാസമിതിയെ അറിയിച്ചിരുന്നു. കൂടാതെ ഇന്ത്യയെ അനുനയിപ്പിക്കാൻ സൗഹൃദ രാജ്യങ്ങളുടെ സഹായവും പാക്കിസ്ഥാൻ തേടിയിരുന്നു. എന്നാൽ റഷ്യ ഇന്ത്യയ്ക്ക് അനുകൂല നിലപാടെടുത്തത് പാക്കിസ്ഥാന് തിരിച്ചടിയായി. പഹൽഗാം ഭീകരാക്രമണത്തിനു നേതൃത്വം കൊടുത്തവരേയും അവരെ സംരക്ഷിക്കുന്നവരേയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും റഷ്യ ആവശ്യപ്പെട്ടു.