കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി പൾസർ സുനി. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപാണ് എന്നാണ് പൾസുനിയുടെ വെളിപ്പെടുത്തൽ.
ക്വട്ടേഷൻ തുകയായി ഒന്നരക്കോടി രൂപയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തതെന്നും പൾസർ സുനി പറയുന്നു. മുഴുവൻ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്പോൾ പലപ്പോഴായി താൻ ദിലീപിൽ നിന്നും പണം വാങ്ങിയെന്നും സുനി വെളിപ്പെടുത്തുന്നു. റിപ്പോർട്ടർ ടി വി നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ. അതേസമയം മെമ്മറി കാർഡ് പോലീസിനു കിട്ടിയത് കുരുക്കായി, അത് പോലീസിനു കിട്ടിയില്ലെങ്കിൽ എങ്ങനെയെങ്കിലും പുറത്തിറങ്ങിയേനെ, മെമ്മറി കാർഡ് കൊടുത്തത് തന്റെ അഭിഭാഷകയുടെ കയ്യിലാണെന്നും സുനി വെളിപ്പെടുത്തുന്നു. കൂടാതെ അന്നു കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ നഷ്ടപ്പെട്ടിട്ടില്ലെന്നും മൊബൈൽ സൂക്ഷിച്ചിരിക്കുന്നത് പുറത്തുപറയാൻ പറ്റാത്ത രഹസ്യമാണെന്നുമാണ് സുനി പറയുന്നത്. കൂടാതെ താൻ നേരത്തെയും നടിമാരെ ആക്രമിച്ചിട്ടുണ്ട്. അന്നൊക്കെ അത് ഒതുക്കിത്തീർത്തിട്ടുണ്ട്. ഇതൊക്കെ സിനിമയിൽ നടക്കുന്നതാണ്. എല്ലാവർക്കുമറിയാമെന്നും പറഞ്ഞുവയ്ക്കുന്നു.
നടിയെ ആക്രമിച്ച സംഭവത്തിൽ ജയിലിലായിരുന്നപ്പോൾ തനിക്ക് നേരെ ആക്രമണമുണ്ടായി, മർദ്ദിച്ച് അവശനാക്കി, പിന്നിൽ ആരാണെന്നു മനസിലായി. അതിനു ശേഷം ദിലീപിനു കത്തയക്കാൻ നിർബന്ധിതനായി. പിന്നീട് ആക്രമണമുണ്ടായിട്ടില്ലെന്നും സുനി വെളിപ്പെടുത്തുന്നു.
2017 ഫെബ്രുവരി 17-നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് നടി ബലാത്സംഗത്തിനിരയായത്. നടൻ ദിലീപ് ഉൾപ്പടെ 9 പ്രതികളാണ് കേസിലുള്ളത്. കേസിൽ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. 2018 മാർച്ചിലാണ് കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്.
വിവാഹം കഴിഞ്ഞ് ആറുമാസം, വാക്കുതർക്കത്തെ തുടർന്ന് അമ്മായിയമ്മയെ കുത്തിക്കൊന്ന് 22 കാരി