കൊച്ചി: ഫെബ്രുവരിയിൽ റിലീസായ ഒരു സിനിമ പോലും ലാഭം നേടിയില്ലെന്ന് നിർമാതാക്കളുടെ സംഘടന. ഫെബ്രുവരിയിൽ റിലീസായ സിനിമകളുടെ കണക്കാണ് സംഘടന പുറത്തുവിട്ടത്. ഫെബ്രുവരിയിൽ റിലീസ് ആയത് 17 ചിത്രങ്ങൾ. ഒരു സിനിമ പോലും ലാഭം നേടിയില്ലെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.
ഇപ്പോഴും തീയറ്ററുകളിൽ ഓടുന്നത് 4 സിനിമകളിൽ ഒന്നുപോലും ലാഭത്തിൽ എത്തിയില്ല. 13 കോടി മുടക്കിയ ഓഫീസർ ഓൺ ഡ്യൂട്ടി നേടിയത് 11 കോടി രൂപ. 10 കോടി മുടക്കിയ ഗെറ്റ് സെറ്റ് ബേബി ഒന്നര കോടി രൂപ പോലും നേടിയില്ല. 5 കോടിയിലേറെ മുടക്കിയ മച്ചാന്റെ മാലാഖ നേടിയത് 40 ലക്ഷം മാത്രം. രണ്ടര കോടി രൂപക്ക് നിർമിച്ച ‘രണ്ടാം യാമം’ ചിത്രത്തിന്റെ കളക്ഷൻ 80,000 രൂപ മാത്രമാണ് നേടിയതെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.
അതേസമയം സിനിമകളുടെ ലാഭ നഷ്ടക്കണക്കുകൾ ഇനി എല്ലാമാസവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിടുമെന്നും സംഘടന .‘വെള്ളിത്തിര’ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. ഫെബ്രുവരിയിലെ കണക്കുകൾ പുറത്തുവിട്ടുകൊണ്ടാകും ലോഞ്ചിങ്. ജനുവരിയിലെ കണക്കുകൾ പുറത്തുവിട്ടതിനു പിന്നാലെ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുണ്ടായ തർക്കം വലിയ വിവാദമായിരുന്നു.
അതേസമയം അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കുപിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. നിർമാതാക്കളുടെ നിലപാടുകൾ വ്യക്തമാക്കാനും അസോസിയേഷന്റെ ഔദ്യോഗിക വിശദീകരണങ്ങൾ പുറത്തിറക്കാനുമാണ് ‘വെള്ളിത്തിര’ കൊണ്ടുദ്ദേശിക്കുന്നതെന്ന് നിർമാതാക്കളുടെ സംഘടന പറഞ്ഞു.