ജയ്പുർ: ഇന്ത്യൻ പ്രിമിയർ ലീഗിൻ്റെ (ഐപിഎൽ) 18–ാം സീസണിലേക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ, രാജസ്ഥാൻ റോയൽസ് ക്യാംപിൽ നിന്നുള്ള ചിത്രങ്ങളിൽ സഞ്ജു സാംസൺ എവിടെ എന്ന് ആകുലപ്പെട്ടവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. പരുക്കിൻ്റെ പിടിയിൽനിന്ന് മോചിതനായി ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ രാജസ്ഥാൻ ക്യാംപിലെത്തി. താരം ജയ്പുർ വിമാനത്താവളത്തിൽ വന്നിറങ്ങുന്നതു മുതൽ ടീം ക്യാംപിലെത്തി പരിശീലകൻ രാഹുൽ ദ്രാവിഡിനെയും ടീമംഗങ്ങളെയും ഉൾപ്പെടെ സന്ദർശിക്കുന്നത് വരെയുള്ള ദൃശ്യങ്ങൾ രാജസ്ഥാൻ റോയൽസ് പുറത്തുവിട്ടു.
ഐ.പി.എൽ സീസണിന് 22–ാം തീയതി തുടക്കമാകാനിരിക്കെയാണ് സഞ്ജു ടീമിനൊപ്പം ചേർന്നത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്‌ക്കിടെ കൈവിരലിനേറ്റ പരുക്കിനെ തുടർന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനായി വിശ്രമത്തിലായിരുന്ന സഞ്ജു, സീസൺ ആരംഭിക്കാൻ ഒരാഴ്ചയിൽ താഴെ മാത്രം ശേഷിക്കെയാണ് ടീമിനൊപ്പം ചേർന്നത്. മാർച്ച് 23ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം.
ഐപിഎൽ മെഗാതാരലേലത്തിൽ അഴിച്ചുപണിത ടീമുമായാണ് ഇത്തവണ രാജസ്ഥാൻ എത്തുന്നത്. ടീമിലെ പരിചിത മുഖങ്ങളായിരുന്ന ജോസ് ബട്‍ലർ, ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചെഹൽ തുടങ്ങിയവർ ഇത്തവണ രാജസ്ഥാനൊപ്പമില്ല. പകരം നിതീഷ് റാണ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ തുടങ്ങിയവർ ടീമിലെത്തി.
തുടർച്ചയായ അഞ്ചാം സീസണിലാണ് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ നയിക്കാനെത്തുന്നത്. ഇപ്പോഴുള്ള ഐപിഎൽ ക്യാപ്റ്റൻമാരിൽ ഏറ്റവും കൂടുതൽ പരിചയസമ്പത്തുള്ള ക്യാപ്റ്റനും സഞ്ജു തന്നെ. സഞ്ജുവിനു കീഴിൽ ആദ്യത്തെയും ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെയും കിരീടമാണ് രാജസ്ഥാൻ റോയൽസ് ലക്ഷ്യമിടുന്നത്.
2022ൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിച്ച സഞ്ജു, അവിടെ ഗുജറാത്ത് ടൈറ്റൻസിനോട് തോൽവി വഴങ്ങിയിരുന്നു. 2023ൽ ടീം ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായി. 2024ൽ പ്ലേഓഫിൽ കടന്നെങ്കിലും കിരീടം അകന്നുനിന്നു. എലിമിനേറ്ററിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ വീഴ്ത്തിയെങ്കിലും, രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റാണ് ടീം പുറത്തായത്.
Sanju Samson joins Rajasthan Royals’ camp ahead of IPL 2025
Indian Cricket Team Rajasthan Royals Sanju Samson vIPL 2025 Rahul Dravid