കൊച്ചി: കളമശേരി ഗവ. പോളിടെക്നിക്ക് ലഹരിക്കേസിൽ ഹോസ്റ്റലിലേക്ക് കഞ്ചാവെത്തിച്ച പൂർവ വിദ്യാർഥികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവ് ഹോസ്റ്റലിലെത്തിച്ച ആഷിക്, ഷാരിൽ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വർഷം കോളേജിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികളാണിവർ. ഇവർക്ക് കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്ന സൂചന ചോദ്യം ചെയ്യലിലൂടെ ലഭിച്ചിട്ടുണ്ടെന്ന് തൃക്കാക്കര എസിപി ടി വി ബേബി മാധ്യമങ്ങളോട് പറഞ്ഞു.
‘സാധനം സേഫ് അല്ലെ’-മുഖ്യപ്രതിയുടെ ഫോണിലേക്ക് മൂന്നാംവർഷ വിദ്യാർഥിയുടെ കോൾ, ‘ഹോളി നമുക്ക് പൊളിക്കണ’മെന്ന് വാട്സാപ്പ് ചാറ്റും പണപ്പിരിവും, അഞ്ചുഗ്രാം കഞ്ചാവിന് വില 500 രൂപ- കളമശേരി മെൻസ് ഹോസ്റ്റൽ കഞ്ചാവ് കേസ് വിവരങ്ങൾ പുറത്ത്
‘വിദ്യാർഥികൾ ഉൾപ്പെട്ട കേസാണിത്. പൂർണമായ തെളിവുകൾ ലഭിച്ചതിനുശേഷമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകൂ. നിലവിൽ അറസ്റ്റിലായവരാണ് കഞ്ചാവ് വിതരണം ചെയ്തിട്ടുളളത്. കേസിൽ കൂടുതൽ ആളുകൾ ഉണ്ടായിരിക്കും, വിദ്യാർഥികളുടെ ആവശ്യപ്രകാരമാണ് ഇവർ ഹോസ്റ്റലിൽ സാധനം എത്തിച്ചിട്ടുളളത്. ഇവർക്കെതിരെ മറ്റ് എന്തെങ്കിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. എസിപി വ്യക്തമാക്കി.
അഞ്ചു ഗ്രാമിന 500 രൂപ മുതലാണ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന നടത്തിയതെന്നാണ് സൂചന. അതുകൊണ്ട് തന്നെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഫോൺ രേഖകളും അന്വേഷണസംഘം പരിശോധിക്കും. അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച വിദ്യാർഥികളെ ആവശ്യമെങ്കിൽ പോലീസ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും.
, കോളേജ് പ്രിൻസിപ്പൽ ഡോ. ഐജു തോമസിന്റെ നിർണായകമായ ഇടപെടലിലൂടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ക്യാംപസിൽ ഹോളി ആഘോഷത്തിന്റെ ഭാഗമായി ലഹരിമരുന്ന് ഉപയോഗം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ഇതിനായി പണപ്പിരിവ് നടക്കുന്നുണ്ടെന്നും കാട്ടി പ്രിൻസിപ്പൽ പോലീസിന് കത്ത് നൽകിയിരുന്നു. ഇതാണ് റെയ്‌ഡിലേക്ക് നയിച്ചത്.