മുംബൈ: അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ബിജെപി മന്ത്രിക്കെതിരെ യുവതി രംഗത്തെത്തിയതോടെ മഹാരാഷ്ട്ര മന്ത്രിസഭയില്‍ വീണ്ടും കോലാഹലങ്ങള്‍. മന്ത്രി ജയ്കുമാര്‍ ഗോരെയ്‌ക്കെതിരെ യുവതി പരാതിയും നല്‍കിയിരുന്നു. യുവതിക്ക് നഗ്‌നചിത്രങ്ങള്‍ അയച്ചുവെന്നാരോപിച്ച് മന്ത്രി ജയ്കുമാര്‍ ഗോരെക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നു. രാജിയാവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.
എന്‍സിപിയുടെ ധനഞ്ജയ് മുണ്ടെ രാജിവച്ചതിന് പിന്നാലെയാണ് സംഭവം. കോണ്‍ഗ്രസ് എംഎല്‍എ വിജയ് വടേറ്റിവര്‍ ആണ് മന്ത്രിക്കെതിരെ ആദ്യം രംഗത്തെത്തിയത്. അതിക്രമത്തിനിരയായ സ്ത്രീയെ മന്ത്രി വീണ്ടും ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. മന്ത്രിയെ പുറത്താക്കണമെന്നും വടേറ്റിവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജയ്കുമാര്‍ ഗോരെയുടെ പേരെടുത്ത് പറയാതെയായിരുന്നു പരാമര്‍ശം. വിഷയത്തില്‍ കോടതിയില്‍ മാപ്പ് പറഞ്ഞ ഗോരെ മന്ത്രിയായതിനുശേഷം അതിക്രമത്തിനിരയായ സ്ത്രീയെ വീണ്ടും ഉപദ്രവിക്കുകയാണെന്നും എംഎല്‍എ വിമര്‍ശിച്ചു.
അതേസമയം, കോടതി കുറ്റവിമുക്തനാക്കിയ സംഭവത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും കുറ്റപ്പെടുത്തിയവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും മന്ത്രി ജയ്കുമാര്‍ ഗോരെ പറഞ്ഞു. ‘കേസ് 2017ലാണ് ഫയല്‍ ചെയ്തത്. വിചാരണയിലേക്ക് പോകുകയും ചെയ്തു. 2019ല്‍ കോടതി എന്നെ കുറ്റവിമുക്തനാക്കി. നമ്മള്‍ ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. ആറ് വര്‍ഷം മുമ്പ് കോടതി വിധി പുറപ്പെടുവിച്ച വിഷയം വീണ്ടും ചൂടുപിടിക്കുകയാണ്. രാഷ്ട്രീയ നേതാക്കള്‍ സംയമനം പാലിക്കണം. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരും, അവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും’- മന്ത്രി വ്യക്തമാക്കി.
സംഭവത്തിനുപിന്നാലെ ശിവസേന ഉദ്ധവ് പക്ഷം എംപി സഞ്ജയ് റാവുത്തും മന്ത്രിക്കെതിരെ രംഗത്തെത്തി. ‘അതിക്രമത്തിനിരയായ സ്ത്രീ വിധാന്‍ ഭവന് മുന്നില്‍ നിരാഹാര സമരം നടത്താന്‍ ഒരുങ്ങുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്റെ മന്ത്രിസഭ പരിശോധിക്കണം. ജയ്കുമാര്‍ ഗോരെയെപ്പോലുള്ള വികൃത മന്ത്രിമാര്‍ സംസ്ഥാന മന്ത്രിസഭയിലുണ്ട്. തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്, ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കേണ്ടിവരും. ഇത്തരം മന്ത്രിമാരെ പുറത്താക്കണം. സ്ത്രീകളെ പീഡിപ്പിക്കുന്ന മന്ത്രിമാരാണ് ഇവര്‍. ഈ മന്ത്രിമാര്‍ നിങ്ങളുടെ മന്ത്രിസഭയില്‍ തുടര്‍ന്നാല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ദേവേന്ദ്ര ഫഡ്നാവിസ് എങ്ങനെ സംസാരിക്കും’- സഞ്ജയ് റാവൂത്ത് ചോദിച്ചു.