പത്തനംതിട്ട: അനുജന്റെ മോശം കൂട്ടുകെട്ട് ചോദ്യംചെയ്ത ചേട്ടനെ അനുജനും കൂട്ടുകാരും ചേർന്ന് ആക്രമിച്ചു. ആക്രമണം തടയാനെത്തിയ പിതൃസഹോദരനും മർദനമേറ്റു. അടൂർ മണ്ണടിയിലാണ് സംഭവം.
മണ്ണടിയിലെ അജിത്, പിതൃസഹോദരനായ സുനീഷ്(40) എന്നിവർക്കാണ് അനിയൻ ഉൾപ്പെടെയുള്ള അഞ്ചംഗസംഘത്തിന്റെ മർദനമേറ്റത്. മാർച്ച് ഒന്നിന് ഇവരുടെ വീടിന് സമീപത്തായിരുന്നു സംഭവം. അനുജനായ അഖിലിന്റെ മോശം കൂട്ടുകെട്ട് അജിത് ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ അഖിൽ കൂട്ടുകാരെയും കൂട്ടിയെത്തി ജ്യേഷ്ഠനായ അജിത്തിനെ മർദിക്കുകയായിരുന്നു.
അജിത്തിനെ സംഘം ചേർന്ന് ആക്രമിക്കുന്നതു കണ്ട് തടയാനെത്തിയ അജിത്തിന്റെ പിതൃസഹോദരൻ സുനീഷിനെയും പ്രതികൾ ആക്രമിച്ചു. വാഹനത്തിന്റെ ഷോക്ക് അബ്‌സോർബർ ഉപയോഗിച്ചാണ് സുനീഷിന്റെ തലയ്ക്കടിച്ചത്. അടിയേറ്റ് ഇദ്ദേഹത്തിന്റെ തലപൊട്ടി. തലയിൽ എട്ടുതുന്നലുണ്ട്. സംഭവത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അഞ്ചുപേർക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. പ്രതികളിൽ സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.