£താമരശ്ശേരി: പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകത്തിൽ കൂടുതൽപ്പേർ പിടിയിലാകാനുണ്ടെന്നു പിതാവ് മുഹമ്മദ് ഇഖ്ബാൽ. ഷഹബാസിന്റെ മരണാനന്തര ചടങ്ങുകൾ എല്ലാം പൂർത്തിയാക്കിയശേഷം സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാൻ ശ്രമിക്കും. ഷഹബാസിനെ മർദിച്ചവരിൽ ഇനിയും ചില കുട്ടികൾ കൂടി പിടിയിലാകാനുണ്ട്. കുട്ടികൾ മർദിക്കുമ്പോൾ ചുറ്റും കൂടിയവരിൽ രക്ഷിതാക്കളുമുണ്ട്. അവരെക്കൂടി പ്രതി ചേർക്കണമെന്നും ഇഖ്ബാൽ പറഞ്ഞു.
അതേസമയം ഷഹബാസിനെ മർദിച്ചത് അവന്റെ ഉറ്റ സുഹൃത്താണെന്ന് ഇഖ്ബാൽ വെളിപ്പെടുത്തിയിരുന്നു. ഇരുവരും മുമ്പ് മറ്റൊരു സ്കൂളിൽ ഒരുമിച്ചു പഠിച്ചതാണ്. ഷഹബാസിന്റെ കൂടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഷഹബാസിന്റെ ഫോണിലുണ്ടായിരുന്നുവെന്നും ഇഖ്ബാൽ പറഞ്ഞു.
ഷഹബാസിന്റെ കൊലപാതകത്തിൽ പങ്കുള്ള ഒരു വിദ്യാർഥിയെ കൂടി പോലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. ഇയാളെ മർദ്ദനം നടന്ന സ്ഥലത്ത് പോലീസ് കൊണ്ടുപോയതിനു ശേഷമാണ് കസ്റ്റഡിയിലെടുത്തത്. കൂടുതൽ പേർ ഇനിയും പിടിയിലാകുമെന്നാണു പോലീസ് നൽകുന്ന സൂചന. എന്നാൽ രക്ഷിതാക്കളെ കേസിൽ പ്രതിചേർക്കുന്നതിനെക്കുറിച്ചു കൃത്യമായ തീരുമാനത്തിലെത്തിയിട്ടില്ല.
മുഖ്യപ്രതികളിലൊരാളുടെ പിതാവിനു ക്രിമിനൽ പശ്ചാത്തലമുള്ളതിനാൽ ഇയാളുടെ പങ്കാണു കൂടുതലായും അന്വേഷിക്കുന്നത്. ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് ഇയാളുടെ വീട്ടിൽനിന്നു കണ്ടെത്തിയിരുന്നു. മകൻ സംഘർഷത്തിനു പോകുന്നത് അറിഞ്ഞിട്ടും തടയാതിരുന്നോയെന്നും ആയുധം കൈമാറിയിരുന്നോ എന്നും സംഘർഷ സ്ഥലത്തെ ഇയാളുടെ സാന്നിധ്യം തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ചതു കഴിഞ്ഞ ദിവസം കണ്ടെടുത്ത നഞ്ചക്ക് തന്നെയാണെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.