താമരശ്ശേരി: താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്റെ മരണത്തിനുത്തരവാദികളായ എല്ലാവരേയും പൂട്ടാനുറച്ച് പോലീസ്. ഇതിനായി പരമാവധി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയാണ് പോലീസ്. കൂടാതെ കുറ്റക്കാരായ മുഴുവൻ വിദ്യാർഥികളെയും കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി. ഇതിനായി കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. മാത്രമല്ല ആക്രമണത്തിന് ഉപയോഗിച്ച നഞ്ചക്ക് ഒരു കുട്ടിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിൽ വേറേയും കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരേയും കണ്ടെത്തി കേസെടുക്കാനാണ് പോലീസിൻറെ തീരുമാനം.
കൊലപാതകത്തിൽ നേരിട്ട് ഇടപെട്ടവരെക്കുറിച്ചുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയാണ് പോലീസ്. പിടിയിലായ അഞ്ച് വിദ്യാർഥികൾ സ്ഥിരം പ്രശ്നക്കാരെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞവർഷം ഈ കുട്ടികളുണ്ടാക്കിയ അടിയിൽ, പത്താംക്ലാസിലെ രണ്ട് വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു.അറസ്റ്റിലായ താമരശേരി ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചുവിദ്യാർഥികൾക്കെതിരെയാണ് നിലവിൽ കൊലപാതകുറ്റം ചുമത്തിയിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കിയ ഇവരെ വെള്ളിമാട് കുന്നിലെ ഒബ് സർവേഷൻ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ച പോലീസിന്റ സാന്നിധ്യത്തിൽ ഇവരെ പത്താം ക്ലാസ് പരീക്ഷയെഴുതിക്കും.
അതോടൊപ്പം അടിയുണ്ടാക്കിയ ഷഹബാസ് ഉൾപ്പെട്ട സംഘത്തിൽ 3 സ്കൂളുകളിലെ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എംജെ ഹയർ സെക്കൻഡറി സ്കൂൾ, ചക്കാലയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ, പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘം 57 എന്ന ഗ്രൂപ്പിലൂടെയാണ് സംഘർഷത്തിന് ഇവർ കോപ്പ് കൂട്ടിയത്.
വിദ്യാർഥി സംഘർഷത്തിനിടെ പരുക്കേറ്റ പത്താം ക്ലാസുകാരൻ ഷഹബാസ് മരിച്ചത് തലയോട്ടി തകർന്നെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കട്ടിയുള്ള ആയുധം ഉപയോഗിച്ചുള്ള അടിയാണ് ഷഹബാസിന്റ തലയ്ക്ക് കിട്ടിയതെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. നഞ്ചക്ക് പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ഷഹബാസിനെ മർദിച്ചതെന്ന കുടുംബത്തിന്റ ആരോപണം ശരിവയ്ക്കുന്നതാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തലും. ഒരു കുട്ടിയുടെ വീട്ടിൽ നിന്ന് നഞ്ചക്ക് കണ്ടെത്തുകയും ചെയ്തു. തന്റെ കുട്ടിയുടെ മരണത്തിനുത്തവാദികളായ പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്ന് ഷഹബാസിന്റെ പിതാവ് ആവശ്യപ്പെട്ടു.