കൊച്ചി: ഈ ആർഡിയോയുടെ അടുത്തുനിന്ന് ഒരൊപ്പ് മേടിക്കണമെങ്കിൽ ആദ്യം ബെവ്റേജിനു മുന്നിൽ ക്യൂ നിന്ന് കുപ്പി വാങ്ങണം. പിന്നെ കയ്യിൽ കാശും… ഒരൊപ്പിന് ഒരു കുപ്പി അതാണ് ഇഷ്ടന്റെ കണക്ക്. കൈക്കൂലി കേസിൽ എറണാകുളം ആർടിഒ ടിഎം ജേഴ്സൺ പിടിയിലായപ്പോൾ കണ്ടെത്തിയത് വിവിധ വിലയിലും സൈസിലുമുള്ള പലതരം മദ്യക്കുപ്പികൾ. ഇന്നലെയും ഇന്നുമായി നടന്ന റെയ്ഡിൽ വിജിലൻസ് സംഘം ജേഴ്സണിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തതു ചെറുതും വലുതുമായ 74 കുപ്പികൾ. ഇതിൽ ലക്ഷക്കണക്കിനു രൂപ വില വരുന്ന കുപ്പികളുമുണ്ട്.
ബുധനാഴ്ച നടത്തിയ റെയ്ഡിൽ 50 ലക്ഷം രൂപ ജേഴ്സണിന്റെയും കുടുംബത്തിന്റെയും അക്കൗണ്ടിലുണ്ടെന്ന് ഇന്നലെ കണ്ടെത്തി. ഇന്നത്തെ പരിശോധന കഴിഞ്ഞതോടെ ഇത് 84 ലക്ഷം രൂപയാണെന്ന് വ്യക്തമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വന്തമാക്കിയിട്ടുള്ള വസ്തുവകകളുടെ രേഖകൾ പരിശോധിക്കുകയാണെന്നും വിജിലൻസ് വൃത്തങ്ങൾ വ്യക്തമാക്കി. അതേ സമയം ജേഴ്സണിനെതിരെ വരവിൽ കവിഞ്ഞ സ്വത്തുസമ്പാദനമടക്കമുള്ള കാര്യങ്ങളും വിജിലൻസ് അന്വേഷിക്കും. അപേക്ഷകൾ തീർപ്പാക്കണമെങ്കിൽ കൈക്കൂലി നിർബന്ധമാണ് എന്നതിനൊപ്പം ഒരു കുപ്പിയും കൂടി വേണം എന്നതാണു ജേഴ്സണിന്റെ ശീലം എന്നാണ് ആർടിഒ ഓഫിസ് വൃത്തങ്ങൾ പറയുന്നത്.
ഇത്തരത്തിൽ സമ്പാദിച്ച കുപ്പികളും വിജിലൻസ് സംഘം വീട്ടിൽ കണ്ടെത്തിയവയിൽ ഉൾപ്പെടും. ജേഴ്സണെ കുടുക്കിയ ബുധനാഴ്ചത്തെ കൈക്കൂലി കേസിലും മദ്യക്കുപ്പി ഉൾപ്പെട്ടിരുന്നു. ചെല്ലാനം സ്വദേശി മാനേജരായ ബസിന്റെ റൂട്ട് പെർമിറ്റ് പുതുക്കി മറ്റൊരു ബസിലേക്ക് മാറ്റാൻ 25,000 രൂപയും കുപ്പിയുമാണു കൈക്കൂലി ആവശ്യപ്പെട്ടത്. ഇതു പ്രകാരം മൂന്നു ദിവസത്തേക്ക് താത്കാലികമായി പെർമിറ്റ് പുതുക്കി നൽകിയെങ്കിലും പിന്നീട് അപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. തുടർന്നായിരുന്നു ഏജന്റുമാരുടെ വരവ്. ആവശ്യപ്പെടുന്ന കാര്യങ്ങൾ കൊടുക്കാതെ പെർമിറ്റ് കിട്ടില്ലെന്ന് ഏജന്റുമാർ വ്യക്തമാക്കി. തുടർന്നാണു ജേഴ്സണിന്റെ ഏജന്റുമാരായ രാമ പടിയാർ, സജി എന്നിവർ ചെല്ലാനം സ്വദേശിയിൽനിന്നു കൈക്കൂലിയുടെ ആദ്യഗഡുവായ 5000 രൂപയും കുപ്പിയും വാങ്ങിയത്.
വിജിലൻസിനെ അറിയിച്ച ശേഷമാണു ചെല്ലാനം സ്വദേശി കൈക്കൂലി നൽകിയത് എന്നതിനാൽ ഉടനെ ഇവർ അറസ്റ്റിലായി. ജേഴ്സണിന്റെ നിർദേശപ്രകാരമാണ് കൈക്കൂലിയെന്ന് ഇവർ മൊഴി നൽകിയതോടെ ആർടിഒയെയും കസ്റ്റഡിയിലെടുത്തു. ജേഴ്സണിന്റെ പ്രവർത്തനങ്ങൾ മാസങ്ങളായി വിജിലൻസ് നിരീക്ഷിക്കുന്നുണ്ട്. ഇതിലൊന്നു വാളയാർ ചെക്പോസ്റ്റിൽനിന്നു ലഭിച്ച വിവരമാണ്. ചെക്പോസ്റ്റിൽ വിജിലൻസിന്റെ റെയ്ഡ് ഉണ്ടാകാതിരിക്കാൻ അവർക്കു പണം നൽകണമെന്നു ജേഴ്സൺ സഹപ്രവർത്തകരോട് ആവശ്യപ്പെട്ടു. തുടർന്ന് ഇവരിൽനിന്ന് 14 ലക്ഷം രൂപ പിരിച്ചു. അങ്ങനെ വിജിലൻസ് റെയ്ഡിന്റെ പേരിൽ ജേഴ്സൺ സഹപ്രവർത്തകരെ പറ്റിച്ചും ജേഴ്സൺ പണമുണ്ടാക്കി.
കഴിഞ്ഞ മാസം വിജിലൻസ് വാളയാർ ചെക്പോസ്റ്റിൽ പരിശോധന നടത്തിയപ്പോഴാണ് ഈ വിവരങ്ങൾ പുറത്തു വന്നത്. ജേഴ്സണിനെയും കൂട്ടാളികളെയും ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും. കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും വിജിലൻസ് വൃത്തങ്ങൾ വ്യക്തമാക്കി.