കാസര്‍കോട്: ശശി തരൂരിന് താന്‍ ‘നല്ല ഉപദേശം’ കൊടുത്തതായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. എന്താണ് ആ ഉപദേശമെന്ന് നിങ്ങള്‍ വായിച്ചെടുത്താല്‍ മതിയെന്നും സുധാകരന്‍ കാസര്‍കോടുവെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ വ്യവസായരംഗത്തെ നേട്ടത്തെ പുകഴ്ത്തിയ തരൂരിനെതിരെ പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമുയരുന്നതിനിടെയാണ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.
‘ശശി തരൂരിന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ക്ക് പല തീരുമാനമുണ്ടാകാം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ തീരുമാനമുണ്ട്. പാര്‍ട്ടിയുടെ തീരുമാനമാണ് ഔദ്യോഗികമായി ഞങ്ങള്‍ അനുസരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നത്. ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്താക്കണോ എന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും. അതിന് കഴിവുള്ള നേതാക്കളുടെ കൈകളിലാണ് പാര്‍ട്ടിയുള്ളത്. അതില്‍ ഞങ്ങള്‍ക്ക് അഭിപ്രായമില്ല. നല്ല ഉപദേശം കൊടുത്തിട്ടുണ്ട് ശശി തരൂരിന്. ഞാന്‍ പറയേണ്ട കാര്യം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അതെന്താണ് എന്ന് നിങ്ങള്‍ വായിച്ചെടുത്താല്‍ മതി.’ -കെ. സുധാകരന്‍ പറഞ്ഞു.
ശനിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പിണറായി സര്‍ക്കാരിനു കീഴില്‍ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ ശശി തരൂര്‍ പുകഴ്ത്തിയത്. കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ ലേഖനമെഴുതിയ തരൂരിനെതിരെ വലിയ വിമര്‍ശനമാണ് പിന്നാലെ ഉയര്‍ന്നത്. സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നാണ് ലേഖനത്തില്‍ വിലയിരുത്തുന്നത്. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടില്‍ ആഗോള ശരാശരിയുടെ അഞ്ചു മടങ്ങ് മൂല്യം കേരളം രേഖപ്പെടുത്തിയതും ഈസ് ഓഫ് ഡൂയിങ് ബിസിനസ് സര്‍വേയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതും വലിയ നേട്ടമാണെന്നും തരൂര്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭയ്ക്കകത്തും പുറത്തും ഭരണത്തെ നഖശിഖാന്തം എതിര്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് എം.പി.യുടെ പുകഴ്ത്തല്‍ എന്നതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത്.
പെരിയ കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കാനായി അപ്പീല്‍ നല്‍കുമെന്ന് കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കവെ സുധാകരന്‍ ആവര്‍ത്തിച്ചു. ‘പെരിയ കേസില്‍ അപ്പീല്‍ നല്‍കാന്‍ നല്ല വക്കീലിനെ ഏല്‍പ്പിച്ചിട്ടുണ്ട്. അത് സി.കെ. ശ്രീധരനല്ല. ആ വക്കീല് കൃത്യമായി കേസ് നടത്തും. നിയമാനുസൃതമായി എന്തുണ്ടെങ്കിലും അത് കോടതിയില്‍ വെച്ച് ഞങ്ങള്‍ പിടിച്ചുവാങ്ങും. സി.കെ. ശ്രീധരന്‍ ഒരു മോശം വക്കീലല്ലായിരുന്നുവെങ്കില്‍ ഇങ്ങനെയാകില്ലായിരുന്നു. ‘
‘പ്രതികള്‍ക്ക് പരോള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കും. പരോള്‍ അല്ല നല്‍കുന്നത്. അവരെ വിടുകയാണ്. പരോളില്‍ പുറത്തുപോകുമ്പോള്‍ കുറേ നിയമങ്ങളൊക്കെ അനുസരിക്കാനുണ്ട്. അതൊന്നും സി.പി.എമ്മുകാര്‍ക്ക് ബാധകമല്ല. ഇവര്‍ ഭരിക്കുന്നു, അവരെ പുറത്തുവിടുന്നു, അവര്‍ തോന്നുന്നതുപോലെ ചെയ്യുന്നു. ഇത് സി.പി.എം. ഭരിക്കുന്ന എല്ലാ കാലത്തുമുണ്ടാകുന്ന സംഭവമാണ്. അതിനുള്ള പ്രതിരോധവും പ്രതിഷേധവും വിമര്‍ശനങ്ങളും ഞങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായി മുന്നോട്ടുപോകുന്നുണ്ട്.’ -സുധാകരന്‍ പറഞ്ഞു.